
തൃശൂർ: തൃശൂർ, കൊച്ചി കോർപറേഷനുകൾ പട്ടികജാതി ക്ഷേമ ഫണ്ട് വിനിയോഗിക്കാത്തതിൽ ദേശീയ പട്ടികജാതി കമ്മീഷൻ അന്വേഷണത്തിനു ഉത്തരവിട്ടു. കൊച്ചി കോർപറേഷനിൽ 2021 - 22 മുതൽ 2025 ഒക്ടോബർ വരെയുള്ള പട്ടികജാതി ഫണ്ട് അനുവദിച്ചതിൽ കൊച്ചി 21.55 കോടിയും തൃശൂർ 28.28 കോടിയും പട്ടികജാതി ക്ഷേമ ഫണ്ട് ചെലവഴിച്ചില്ല.
ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജമോൻ വട്ടേക്കാട് ദേശീയ പട്ടികജാതി കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എൽ.എസ്.ജി.ഡി എറണാകുളം, തൃശൂർ ജോയിന്റ് ഡയറക്ടർമാരോടാണ് ദേശീയ പട്ടികജാതി കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടത്. 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.