പാലക്കാട്: കഴിഞ്ഞ വർഷം മാന്വൽ പരിഷ്കരിച്ചെങ്കിലും ഇക്കുറി കൂടുതൽ വ്യക്തത കൈവരും വിധമാണ് പാലക്കാട്ടെ ശാസ്ത്രമേളയുടെ ആസൂത്രണം. മാന്വൽ പരിഷ്കാരത്തിൽ കഴിഞ്ഞ വർഷം അപാകതകളേറെയായിരുന്നു. കുട്ടികളുടെ പങ്കാളിത്തം തെളിയിക്കുന്ന വീഡിയോ നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ് മത്സരങ്ങൾ എന്നിവയിലെ അവ്യക്തതകൾ പരിഹരിക്കാൻ പുതിയ മാർഗ നിർദ്ദേശങ്ങളും വിധി നിർണയത്തിന് മാനദണ്ഡങ്ങളും പുറത്തിറക്കിയത് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സംഘാടകർക്കും ആശ്വാസമാണ്.

പരിഷ്കരിച്ച മാന്വൽ പ്രകാരം കുട, ചോക്ക്, ചന്ദനത്തിരി, പ്ലാസ്റ്റർ ഒഫ് പാരീസ്, ഓലയുത്പന്നങ്ങൾ, കുട നിർമ്മാണം, വോളിബാൾ നെറ്റ് നിർമ്മാണം പോലുള്ളവ ഒഴിവാക്കിയിരുന്നു. ഇതിനു പകരമായാണ് പരിസര നിരീക്ഷണക്കുറിപ്പ് തയ്യാറാക്കൽ, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഇന്റർനെറ്റ് ഒഫ് തിംഗ്സ് എന്നിവയുടെ തത്സമയ മത്സരങ്ങൾ, ഒറിഗാമി, പോട്ടറി പെയിന്റിംഗ്, പോസ്റ്റർ പെയിന്റിംഗ്, കാരിബാഗ് നിർമ്മാണം, ഫൈബർ എംബോസിംഗ്, ചൂരൽ ഉത്പന്നങ്ങളുടെ നിർമ്മാണം എന്നിവ ഉൾപ്പെടുത്തിയത്.