1
1

കൊടുങ്ങല്ലൂർ : മണ്ഡലകാലം അടുത്തു വരുന്നതോടെ നഗരവും പരിസരവും വാഹനബാഹുല്യത്താൽ ഇനിയും വീർപ്പുമുട്ടും. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഉണ്ടായതിനേക്കാൾ വാഹനക്കുരുക്കാകും ഇനി ഉണ്ടാവുക. അന്യസംസ്ഥാനങ്ങളിൽ നിന്നുമുൾപ്പെടെ വരുന്ന തീർത്ഥാടകർ ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് കൊടുങ്ങല്ലൂർ വഴി ശബരിമലയിലേക്ക് പോകുന്നതാണ് പതിവ്. ഇവരുടെ വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡായ ദേശീയപാതയിൽ പല സ്ഥലങ്ങളിലും കരാറുകാരന് പണി പൂർത്തിയാക്കാൻ കഴിയാതെ കുണ്ടും കുഴിയും ചെളിയും മണ്ണുമായി കിടക്കുകയാണ്. ചിലയിടങ്ങളിലാകട്ടെ വാഹനങ്ങൾക്ക് ഇരുഭാഗത്തേക്കും സഞ്ചരിക്കാൻ ഒറ്റ ട്രാക്ക് മാത്രമുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഒരു ഭാഗത്തെ സർവീസ് റോഡാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ റോഡിലാണെങ്കിൽ മെറ്റൽപൊടിയും മണ്ണും കൂടി കലർന്ന് കിടക്കുകയാണ്. ശബരിമല കാലമാകുന്നതോടെ വാഹന തിരക്ക് വർദ്ധിച്ച് രണ്ട് ദിശകളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ ഒറ്റ ട്രാക്കായതിനാൽ ഏറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. ഗതാഗത സ്തംഭനവുമുണ്ട്. ദേശീയപാത കോതപറമ്പിൽ റോഡ് തകർന്ന് തരിപ്പണമാണ്. ദേശീയപാത വികസിപ്പിക്കാൻ കരാറെടുത്ത ശിവാലയ കൺസ്ട്രക്ഷൻ കമ്പനിയുടെ മന്ദഗതിയിലുള്ള നിർമ്മാണപ്രവൃത്തികളാണ് പ്രദേശത്ത് ഈ സീസണിലും ഗതാഗത കുരുക്കിന് കാരണമാകുന്നത്. അടുത്തവർഷം കഴിഞ്ഞാലും തീരാത്തത്ര നിർമ്മാണപ്രവൃത്തികളാണ് ദേശീയപാതയിൽ നടക്കാനുള്ളത്. ദിനംപ്രതി നൂറുകണക്കിന് കണ്ടെയ്‌നർ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളാണ് പണി പൂർത്തിയാകാത്ത ദേശീയപാതയിലൂടെ സഞ്ചരിക്കുന്നത്. ഇതരസംസ്ഥാനക്കാരായ തീർത്ഥാടകരുടെ വാഹനങ്ങൾ കൂടിയെത്തുന്നതോടെ അപകടങ്ങളും ഗതാഗതക്കുരുക്കും വർദ്ധിക്കാനാണ് സാദ്ധ്യത. ദേശീയപാതയിലൊന്നും ദിശാ ബോർഡില്ലാത്തതും യാത്രക്കാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കും.