1
1

വടക്കാഞ്ചേരി : ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിലെ കാര്യങ്ങൾ ഇനി വേറെ ലെവലിലാണ്. കായിക വകുപ്പ് ഗ്രാമീണ കളിക്കളം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിൽ നടത്തുന്ന ഗ്രൗണ്ടിന്റെ നവീകരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. താഴ്ന്ന പ്രദേശത്തായിരുന്ന ഗ്രൗണ്ട് 5000 ക്യൂബിക് മീറ്റർ മണ്ണ് അടിച്ച് ഉയർത്തി. നാലടി താഴ്ചയിൽ 216 മീറ്റർ ദൂരം കോൺക്രീറ്റ് കാന ഗ്രൗണ്ടിന്റെ വശങ്ങളിലായി നിർമ്മിച്ചു. വെള്ളം താഴുന്നതിന് തടസമായിരുന്ന ഹെലിപ്പാഡ് അവശിഷ്ടങ്ങൾ മുഴുവനായും നീക്കി. മൂന്നേ മുക്കാൽ ഏക്കറിലുള്ള കളിസ്ഥലം പൂർണമായി ഉപയോഗപ്പെടുത്താൻ ലേ ഔട്ട് തയ്യാറാക്കും.
വെള്ളം ഒഴുകിയെത്തി കെട്ടിക്കിടന്ന് വർഷത്തിൽ ആറു മാസവും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു മുമ്പ് ഗ്രൗണ്ട്. ഫിഫ മാനദണ്ഡങ്ങൾ പ്രകാരം ഫുട്ബാൾ, വോളിബാൾ, ബാഡ്മിന്റൺ മത്സരങ്ങൾക്ക് ഉപയോഗപ്പെടുത്തുംവിധം ഗ്രൗണ്ടിനെ മാറ്റും.

അടുത്ത ഘട്ടം ഫ്‌ളഡ് ലിറ്റ് ടൂർണമെന്റുകൾ
ഫ്‌ളഡ് ലിറ്റ് ടൂർണമെന്റുകൾ ഉൾപ്പെടെ നടത്താനാവശ്യമായ അധിക ലൈറ്റുകൾ, വോളിബാൾ-ബാഡ്മിന്റൺ, പോർട്ടബിൾ വ്യായാമ സംവിധാനങ്ങൾക്കായി മൾട്ടി പർപ്പസ് മഡ് കോർട്ട്, കായികമേളകൾക്കായി ജംപിംഗ് പിറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ, ഫെൻസിംഗ് എന്നിവ അടുത്ത ഘട്ടത്തിൽ തുക വകയിരുത്തി നടപ്പാക്കാനാണ് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ പദ്ധതി. ക്രിക്കറ്റ് പ്രാക്ടീസ് നെറ്റ്‌സും നിർമ്മിക്കുന്നതിന് പദ്ധതിയുണ്ട്.

മിഴിതുറന്ന് സ്റ്റേഡിയം മാസ്റ്റ് ലൈറ്റ്
എം.എൽ.എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 6.35 ലക്ഷം രൂപ അനുവദിച്ച് ഗ്രൗണ്ടിൽ സ്ഥാപിച്ച സ്റ്റേഡിയം മാസ്റ്റ് ലൈറ്റ് സേവ്യർ ചിറ്റിലപ്പിള്ളി സ്വിച്ച് ഓൺ ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ പി.എൻ.സുരേന്ദ്രൻ അദ്ധ്യക്ഷനായി. അഡ്വ.ഇ.കെ.മഹേഷ്, പി.എൻ.ഗോകുലൻ, വിൽസൻ കുന്നമ്പിള്ളി, ജി.സത്യൻ, എം.ജെ.ബിനോയ്, എ.ഡി.അജി, പി എസ് സുധീഷ് കുമാർ എന്നിവർ സംസാരിച്ചു.