തൃപ്രയാർ: നാട്ടിക എസ്.എൻ കോളേജിന്റെ ആഭിമുഖ്യത്തിൽ ആർ.ശങ്കർ അനുസ്മരണ ദിനം സംഘടിപ്പിച്ചു. സാമൂഹിക രാഷ്ട്രീയ രംഗത്ത് ആർ.ശങ്കർ നടത്തിയ നവോത്ഥാന ആശയങ്ങളുടെ സ്മരണ വരും തലമുറയ്ക്ക് പ്രചോദനമാണെന്നും അവയൊക്കെ ആദരിക്കപ്പെടേണ്ടതാണെന്നും തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിലെ റിട്ട. പ്രൊഫ.ഡോ.പി.കെ.സാബു പറഞ്ഞു.
സുഘടിത സമൂഹത്തിന് ആവശ്യം വിദ്യാഭ്യാസമാണെന്ന് തിരിച്ചറിഞ്ഞ ഗുരുവിന്റെ ദർശനങ്ങളുടെ വെളിച്ചമാണ് ആർ.ശങ്കറിനും മാർഗ്ഗദർശകമായതെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ സ്റ്റഡി സെന്റർ, ആർ.ഡി.സി., ശ്രീനാരായണ ഗുരു എംപ്ലോയ്‌സ് കൗൺസിൽ, പി.ടി.എ, സ്റ്റാഫ് അസോസിയേഷൻ, അലുമ്‌നി അസോസിയേഷൻ എന്നിവയോട് ചേർന്നാണ് ആർ.ശങ്കർ അനുസ്മരണവും കലാലയ സ്ഥാപകദിനാചരണവും നടത്തിയത്. കോളേജ് പ്രിൻസിപ്പാൾ സി.ടി.അനിത അദ്ധ്യക്ഷത വഹിച്ചു. ആർ.ഡി.സി പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, ആർ.ഡി.സി കൺവീനർ പി.കെ.പ്രസന്നൻ, പി.ടി.എ വൈസ് പ്രസിഡന്റ് കെ.വി.സജീവ്, അലൂമ്‌നി സെക്രട്ടറി വി.ആർ.പ്രഭ എന്നിവർ അസ്മരണ പ്രഭാഷണം നടത്തി. അസിസ്റ്റന്റ് പ്രൊഫ.ഡോ.ശ്രീല കൃഷ്ണൻ, അസിസ്റ്റന്റ് പ്രൊ.ഡോ.ആര്യ വിശ്വനാഥ് എന്നിവർ പ്രസംഗിച്ചു.