കൊടുങ്ങല്ലൂർ: നഗരസഭയിൽ ചെയർപേഴ്‌സൺ വിളിച്ചുചേർത്ത അടിയന്തര കൗൺസിൽ യോഗത്തിൽ ഭരണകക്ഷി അംഗങ്ങളുടെ വാർഡിലേക്ക് മാത്രമായി 11 കോടിയുടെ വെള്ളപ്പൊക്ക ദുരന്ത നിവാരണ പദ്ധതി വഴിയുള്ള ഫണ്ടുകൾ അനുവദിച്ചതായി ആരോപിച്ച് ബി.ജെ.പി കൗൺസിലർമാർ പരാതി നൽകി. പ്രതിപക്ഷമായ ബി.ജെ.പി പക്ഷത്തു നിന്ന് 20 കൗൺസിലർമാർ ഹാജർ ഉണ്ടായിരുന്നു. എന്നാൽ 18 കൗൺസിലർമാർ മാത്രമാണ് ഭരണപക്ഷ ഭാഗത്ത് നിന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുത്തത്. അജണ്ട പാസാക്കുന്നത് വോട്ടെടുപ്പിലൂടെ വേണമെന്ന് ബി.ജെ.പിയുടെ ആവശ്യം നിരാകരിച്ചു. അജണ്ട പാസായതായി പ്രഖ്യാപിച്ച് നഗരസഭാ ചെയർപേഴ്‌സൺ ടി.കെ.ഗീത ഇറങ്ങിപ്പോയെന്നുമാണ് ആരോപണം. എന്നാൽ ഈ തീരുമാനം അസാധുവാണെന്നും ഹാജരായ മെമ്പർമാരുടെ ഭൂരിപക്ഷം പ്രതിപക്ഷ ഭാഗത്താണെന്നും പ്രഖ്യാപിച്ച് ബി.ജെ.പി അംഗങ്ങൾ സെക്രട്ടറിക്ക് വിയോജനക്കുറിപ്പ് നൽകി. പ്രതിപക്ഷ നേതാവ് ടി.എസ്.സജീവൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.എൻ.ജയദേവൻ, പാർലമെന്ററി പാർട്ടി ഉപനേതാവ് രശ്മി ബാബു തുടങ്ങിയവർ വിയോജന നീക്കങ്ങൾക്ക് നേതൃത്വം നൽകി.