p

തൃശൂർ : വാർഡ് വിഭജനം വന്നാൽ അയൽക്കൂട്ടങ്ങളുടെ ഘടനകളിൽ വ്യത്യാസം വരുമെന്ന് ചൂണ്ടിക്കാട്ടി നീട്ടിവച്ച കുടുംബശ്രീകളുടെ ഭരണസമിതി തിരഞ്ഞെടുപ്പ് ഉടൻ. തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് ഡിസംബർ 20നകം പൂർത്തിയായാൽ കുടുംബശ്രീ തിരഞ്ഞെടുപ്പ് ആരംഭിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഫെബ്രുവരി 21ന് പുതിയ ഭരണസമിതി ചുമതലയേൽക്കുന്ന തരത്തിലാകും തിരഞ്ഞെടുപ്പ്. ആറ് ഘട്ടങ്ങളുണ്ടാകും.

ജനുവരി 15ന് തിരഞ്ഞെടുപ്പ് വിജ്ഞാപനവും വോട്ടർ പട്ടിക പ്രസിദ്ധീകരണവും നടക്കും. ജനുവരി 17 മുതൽ അയൽക്കൂട്ട തിരഞ്ഞെടുപ്പ് നടക്കും. 22 മുതൽ അയൽക്കൂട്ട അദ്ധ്യക്ഷന്മാർക്ക് പരിശീലനം. നാലാം ഘട്ടത്തിലാണ് വാർഡ്തല എ.ഡി.എസ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി ഏഴ് മുതൽ 11 വരെയാണ് ഇത്. ഫെബ്രുവരി 20നാണ് പഞ്ചായത്ത് തല സി.ഡി.എസ് തിരഞ്ഞെടുപ്പ്. വാർഡ് വിഭജനം നടക്കുന്നതിനാൽ കഴിഞ്ഞ ജനുവരി 25ന് കാലാവധി അവസാനിച്ച ഭരണസമിതികളുടെ കാലാവധി 2026 ജനുവരി 25 വരെ നീട്ടുകയായിരുന്നു.

214 സ്ഥലങ്ങളിൽ സംവരണം

സംസ്ഥാനത്ത് ആകെയുള്ള 1070 കുടുംബശ്രീ സി.ഡി.എസുകളിൽ ചെയർപേഴ്‌സൺമാരായി 214 പേർ പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ളവരാകും. 53 പേർ പട്ടികവർഗത്തിൽ നിന്നുള്ളവരും 161 പേർ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരുമാണ്. അയൽക്കൂട്ടങ്ങളിലത് അഞ്ച് പേരും എ.ഡി.എസിൽ 11 പേരുമാകും. സി.ഡി.എസിൽ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ചാണ് ഇക്കാര്യം തീരുമാനിക്കുക.

1070 സി.ഡി.എസുകൾ

മലപ്പുറം 111

എറണാകുളം 102

തൃശൂർ 100

പാലക്കാട് 97

തിരുവനന്തപുരം 83

കോഴിക്കോട് 82

കണ്ണൂർ 81

ആലപ്പുഴ 80

കോട്ടയം 78

കൊല്ലം 74

ഇടുക്കി 55

പത്തനംതിട്ട 58

കാസർകോട് 42

വയനാട് 27