പാലക്കാട്: '...ദ്‌ ന്താണ് മാഷേ ! കുട്ടികളുടെ കഴിവും കരവിരുതും കാണിക്കാനല്ലേ, ഈ മേള.., അടച്ചിട്ട മുറിയിൽ ആരും കാണാതെ നടത്താനാണെങ്കിൽ പിന്തെന്ത് കാര്യം.' സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തോട് അനുബന്ധിച്ച് നടന്ന വൊക്കേഷണൽ സ്കിൽ ഫെസ്റ്റിലെ മിക്ക മത്സരങ്ങളും നടന്നത് അടച്ചിട്ട മുറികളിൽ. തത്സമയം നടക്കുന്ന മത്സരങ്ങൾ ദൂരെ നിന്നെങ്കിലും വീക്ഷിക്കാൻ ആഗ്രഹിച്ച് എത്തിയവർക്കൊന്നും സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിന്റെ മുറ്റത്തിനപ്പുറം കടക്കാനായില്ല.

ഭിന്നശേഷി കുട്ടികളുടെ പ്രവൃത്തി പരിചയ മേളയിലെ തത്സമയ മത്സരങ്ങൾ അകലെ നിന്ന് കാണാനും മറ്റും സൗകര്യമുണ്ടായിരുന്നു. എന്നാൽ വൊക്കേഷണൽ എക്സ്‌പോയിൽ മാദ്ധ്യമ പ്രവർത്തകരെ പോലും പ്രവേശിപ്പിച്ചില്ല. പല മത്സരവേദികളിലും ആവശ്യത്തിന് വെളിച്ചം പോലുമില്ലാതെ ഇരുട്ടായിരുന്നു. വളരെ സൂക്ഷ്മമായി നിർവഹിക്കേണ്ട മെഹന്തിയിടൽ മത്സരം നടന്ന ക്ലാസ് മുറിയിൽ ആകെ ഉണ്ടായിരുന്നത് ഒരു ട്യൂബ് ലൈറ്റിന്റെ അരണ്ട വെളിച്ചം മാത്രം.

ഹെയർ സ്റ്റൈലിംഗ് മത്സരവും കമ്പ്യൂട്ടർ സ്‌ക്രീൻ നോക്കി നിർവഹിക്കേണ്ട ഗ്രാഫിക് ഡിസൈനിംഗ്, നെറ്റ്‌വർക്ക് ആൻഡ് ഇന്റർനെറ്റ് ഷെയറിംഗ് ഉൾപ്പെടെയുള്ള മത്സരങ്ങളും നടന്നത് വേണ്ടത്ര വെളിച്ചമില്ലാത്ത ക്ലാസ് മുറികളിൽ. വെളിച്ചമില്ലായ്മയും പൊതുജനങ്ങളെ കയറ്റാത്തതും ചോദ്യം ചെയ്തപ്പോൾ അധികൃതരുടെ ഉത്തരമായിരുന്നു വിചിത്രം, 'എല്ലാം നടക്കുന്നത് മാന്വൽ പ്രകാരം..'