photo

പാവറട്ടി : ജില്ലാ പഞ്ചായത്തും ജില്ലാ കുടുംബശ്രീ മിഷനും സംയുക്തമായി നടപ്പാക്കുന്ന സ്കൂളുകളിലെ സ്കൂബ കാന്റീൻ പദ്ധതിക്ക് മുല്ലശ്ശേരി ജി.എച്ച്.എസ് സ്‌കൂളിൽ തുടക്കമായി. കുട്ടികൾക്കായുള്ള സ്‌കൂബ കാന്റീന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ബെന്നി ആന്റണി നിർവഹിച്ചു. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ദിൽന ധനേഷ് അദ്ധ്യക്ഷയായി. നിഷ സുരേഷ്, ശ്രീദേവി ഡേവിസ്, മിനി മോഹൻദാസ്, ഷീബ വേലായുധൻ, രാജ്യശ്രീ ഗോപകുമാർ, കമന്റ് ഫ്രാൻസിസ്, സ്വപ്ന സന്തോഷ്, പ്രീവിഷ്യ മിഥുൻ എന്നിവർ സംസാരിച്ചു. കാന്റീന്റെ പ്രവർത്തനം മുല്ലശ്ശേരി കുടുംബശ്രീ സി.ഡി.എസിനാണ്.

പത്ത് ശതമാനം വിലക്കുറവ്

കുട്ടികൾക്ക് ആവശ്യമായ ലഘു ഭക്ഷണങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ (നോട്ടുപുസ്തകം, പേന പോലുള്ളവ) എന്നിവ മാർക്കറ്റിൽ ലഭ്യമാകുന്നതിനേക്കാൾ പത്ത് ശതമാനം കുറവിൽ ഇവിടെ നിന്ന് ലഭിക്കും. ലഹരി വസ്തുക്കളുടെ ഉപയോഗം കുട്ടികളിൽ നിന്ന് അകറ്റുന്നതിന് വേണ്ടിയാണ് സ്‌കൂബ കാന്റീൻ. രാവിലെ വിദ്യാലയത്തിലെത്തിയാൽ കുട്ടികളെ വൈകിട്ട് മാത്രമേ പുറത്ത് പോകാൻ അനുവദിക്കുകയുള്ളൂ. ജില്ലാ പഞ്ചായത്ത് രണ്ട് ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ഇതിനുപുറമെ കുടുംബശ്രീകൾക്ക് രണ്ട് ലക്ഷം രൂപ വായ്പയും നൽകും.