1
1

കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദർശനം 17 മുതൽ ജനുവരി 14 വരെ പുലർച്ചെ നാല് മുതൽ ആരംഭിക്കും. ഉച്ചയ്ക്ക് 12.30ന് നട അടയ്ക്കുകയും വൈകിട്ട് നാലിന് തുറന്ന് രാത്രി എട്ടിന് നട അടയ്ക്കുകയും ചെയ്യും. ക്ഷേത്രത്തിന്റെ വടക്കേ നടയിൽ അയ്യപ്പ വിശ്രമകേന്ദ്രം തുടങ്ങും.
അയ്യപ്പന്മാർക്ക് വിരിവയ്ക്കാനുള്ള സൗകര്യം വിശ്രമകേന്ദ്രത്തിലും തെക്കേ നടയിലുള്ള നവരാത്രി മണ്ഡപത്തിലും ഏർപ്പെടുത്തി. ക്ഷേത്രമൈതാനം വൃത്തിയാക്കുന്നതിന് കൂടുതൽ ജീവനക്കാരെ നിയോഗിക്കാൻ തീരുമാനിച്ചു. ഭക്തർക്ക് വഴിപാട് രസീതാക്കുന്നതിന് പ്രത്യേകം കൗണ്ടർ തുടങ്ങാനും പകൽ സമയം മുഴുവൻ ഒരു കൗണ്ടർ തുറന്നു പ്രവർത്തിക്കാനും തീരുമാനിച്ചു.

മണ്ഡലമഹോത്സവത്തിന്റെ ക്രമീകരണത്തിന്റെ ഭാഗമായി ദേവസ്വം കണ്ണകി ഗസ്റ്റ് ഹൗസിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മെമ്പർ കെ.കെ.സുരേഷ് ബാബു, ദേവസ്വം കമ്മിഷണർ എസ്.ആർ.ഉദയകുമാർ, ഡെപ്യൂട്ടി തഹസിൽദാർ കെ.എ.റസിയ, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ എം.ആർ.മിനി, എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.കെ.മനോജ്, അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ ഡി.സുനി, അസി. എൻജിനിയർ കൃഷ്ണനുണ്ണി, ദേവസ്വം മാനേജർ കെ.വിനോദ്, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.കെ.ഭരതൻ, സെക്രട്ടറി വി.സന്തോഷ്, മുനിസിപ്പാലിറ്റി, പൊലീസ്, ഹെൽത്ത്, കെ.എസ്.ഇ.ബി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

ക്രമീകരണങ്ങൾ ഇവ

അയ്യപ്പ വിശ്രമ കേന്ദ്രത്തിൽ രാവിലെയും വൈകിട്ടും അയ്യപ്പഭക്തർക്ക് ഭക്ഷണം

ഉച്ചയ്ക്ക് ക്ഷേത്രം ഊട്ടുപുരയിൽ അന്നദാനം

അയ്യപ്പഭക്തർക്ക് ക്ഷേത്ര മൈതാനത്ത് സൗജന്യ പാർക്കിംഗിനുള്ള സൗകര്യം

വൃശ്ചികം ഒന്നിന് മുൻപായി വടക്ക്, കിഴക്ക്, തെക്ക് നടകളിലുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിലെ കുഴി നികത്തും

ക്ഷേത്രപരിസരം സി.സി.ടി.വിയുടെ നിരീക്ഷണത്തിലാക്കും
സെക്യൂരിറ്റി സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം

അയ്യപ്പഭക്തർക്ക് 24 മണിക്കൂർ ശുദ്ധജലം നൽകുന്നതിന് പ്രത്യേക കൗണ്ടർ