pattayam

തൃശൂർ: മൂന്നു പതിറ്റാണ്ടിനുശേഷം വനഭൂമിയിൽ പട്ടയം നൽകുന്നതിനുള്ള സംയുക്ത പരിശോധന സംസ്ഥാന വ്യാപകമായി ഇന്ന് ആരംഭിക്കുന്നു. രാവിലെ 10ന് പീച്ചിയിൽ മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജൻ അദ്ധ്യക്ഷനാകും. 1977ന് മുമ്പ് വനഭൂമിയിൽ കുടിയേറിയവർക്കാണ് പട്ടയം നൽകുന്നത്. ഇതിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. ഇത്തരത്തിൽ അനുമതി ലഭ്യമാകണമെങ്കിൽ സംയുക്ത പരിശോധന നടത്തി അർഹത തീരുമാനിക്കണം. മന്ത്രിമാരായ എ.കെ.ശശീന്ദ്രനും കെ.രാജനും കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് പരിശോധനയ്ക്ക് അനുമതി ലഭ്യമായത്. 60,000 അപേക്ഷകൾ ലഭ്യമായി. അർഹതയുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിന് അപേക്ഷ സമർപ്പിക്കും. അനുമതി ലഭിച്ചാൽ ഉടൻ പട്ടയ വിതരണം ആരംഭിക്കും.