thozhil

ചാലക്കുടി : 1.72 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചതിന്റെ ഭാഗമായി നഗരസഭയിൽ അഞ്ച് വർഷക്കാലം അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ പങ്കാളികളായ തൊഴിലാളികളുടെ സംഗമം നടന്നു. നഗരസഭ സംഘടിപ്പിച്ച ചടങ്ങ് ചെയർമാൻ ഷിബു വാലപ്പൻ ഉദ്ഘാടനം ചെയ്തു. ടൗൺ ഹാളിൽ നടന്ന യോഗത്തിൽ വൈസ് ചെയർപേഴ്‌സൺ സി.ശ്രീദേവി അദ്ധ്യക്ഷയായി. കെ.വി.പോൾ, പ്രീതി ബാബു, ദിപു ദിനേശ്, ആനി പോൾ, എം.എം. അനിൽകുമാർ, ബിജു ചിറയത്ത്, ബിജി സദാനന്ദൻ, നീത പോൾ, കെ.പ്രമോദ്, ജോൺ ദേവസ്യ, സുബി ഷാജി എന്നിവർ പ്രസംഗിച്ചു.

വേതനമായി നൽകിയത് 8.10 കോടി രൂപ
നഗരസഭാ പ്രദേശത്തെ റോഡുകൾ ശുചിയാക്കൽ, കൃഷിയിടം ഒരുക്കൽ, പൂക്കൃഷി, ഭവന നിർമ്മാണം തുടങ്ങി വിവിധ മേഖലകളിലായി ജോലി ചെയ്ത തൊഴിലാളികൾക്ക് ഇക്കാലയളവിൽ 8.10 കോടി രൂപ വേതനമായി നൽകി. വിവിധ ഘട്ടങ്ങളിൽ സർക്കാരിൽ നിന്ന് തൊഴിലുറപ്പ് ഫണ്ട് ലഭ്യമാകാതെ വരുന്ന അവസരത്തിൽ നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും 2.90 കോടി രൂപയാണ് ഇത്തരത്തിൽ നൽകിയത്.