
തൃശൂർ: ഒന്നാംഘട്ടം പാതിവഴിയിൽ, ഇതിനിടയിൽ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടന മാമാങ്കം. അരണാട്ടുകര ടാഗോർ സെന്റിനറി ഹാളിൽ ഒന്നാംഘട്ടം 22 കോടി ചെലവഴിച്ചിട്ടും പൂർത്തിയാട്ടില്ല. ഇതിനിടയിലാണ് ലാലൂർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിനെത്തി മന്ത്രി വി.അബ്ദുറഹിമാനെ കൊണ്ട് രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിപ്പിച്ചത്. 32 കോടി രൂപയാണ് നിർമ്മാണത്തിന് അനുവദിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ സ്ട്രക്ചർ ഉയർന്നതല്ലാതെ നിർമ്മാണം പാതി വഴിയില്ലെത്തി നിൽക്കുകയാണ്. ഇലക്ട്രിസിറ്റി, ഫയർ, എ.സി തുടങ്ങി യാതൊരു പ്രവൃത്തികളും പൂർത്തീകരിച്ചിട്ടില്ല. മന്ത്രി ഉദ്ഘാടനം നടത്തിയ കെട്ടിടത്തിൽ ഒരു ഫലകം പോലും സ്ഥാപിച്ചിട്ടില്ല. കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും കഴിഞ്ഞ അഞ്ചുവർഷമായി നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാതെ കിടക്കുകയാണ് രവീന്ദ്രനാഥ ടാഗോർ ഹാൾ. ഇനിയും ഒന്നര വർഷം പ്രവർത്തനം നടത്തിയാൽ മാത്രമെ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കൂ. പണിതിട്ടും പണിതിട്ടും പണിതീരാതെ കിടക്കുന്ന കോർപറേഷന്റെ കീഴിലുള്ള ടാഗോർ സെന്റിനറി ഹാൾ സി.പി.എം ഭരണസമിതിയുടെ നേർചിത്രമാണ് ജനങ്ങൾക്ക് നൽകുന്നതെന്ന് കൗൺസിലർ ജോൺ ഡാനിയൽ പറഞ്ഞു. എൽ.ഡി.എഫ് ഭരണത്തിന്റെ ധൂർത്തിന്റെയും കെടുകാര്യസ്ഥതയുടെയും പ്രതീകമായി ഇത് മാറിയെന്നും ജോൺ ഡാനിയൽ കുറ്റപ്പെടുത്തി.