വിതുര: വിതുര ശാസ്താംകാവ് ബസ് സർവീസ് പുനരാംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സർവീസ് നിലച്ചിട്ട് പത്ത് വർഷമായി. വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ശാസ്താംകാവിലേക്കുള്ള ഏക ബസാണ് മുന്നറിയിപ്പില്ലാതെ നിറുത്തലാക്കിയത്. കളക്ഷൻ കുറവാണെന്നാണ് ഡിപ്പോക്കാരുടെ ഭാഷ്യം. ബസില്ലാത്തതുമൂലം ശാസ്താംകാവ്, ആറ്റിൻപുറം മേഖലയിലെ വിദ്യാർത്ഥികൾക്ക് കാൽനടയാത്രയാണ് ശരണം. ശാസ്താംകാവ്, ആറ്റിൻപുറം മേഖലയിലുള്ള വിദ്യാർത്ഥികളുടേയും, നാട്ടുകാരുടേയും ഏക അത്താണിയായിരുന്നു ബസ്. രാവിലെയും, വൈകിട്ടുമായി രണ്ട് സർവീസാണ് നടത്തിയിരുന്നത്. ഭേദപ്പെട്ട കളക്ഷനുമായി ജനോപകാരപ്രദമായാണ് ബസ് ഓടിയിരുന്നത്.
വിതുര ശാസ്താംകാവ്, നെടുമങ്ങാട് തിരുവനന്തപുരം റൂട്ടിലാണ് സർവീസ് നടത്തിയിരുന്നത്. കൊവിഡ് വ്യാപനം കുറയുമ്പോൾ സർവീസ് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപടികൾ സ്വീകരിച്ചില്ല. മാത്രമല്ല ഇവിടേക്ക് കൂടുതൽ സർവീസുകൾ നടത്തുമെന്നും പറഞ്ഞിരുന്നു. ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിവേദനം നൽകി മടുത്തു. സമരവും നടത്തി.
വിതുര ഡിപ്പോ പ്രാവർത്തികമായില്ല
ഉടൻ ആരംഭിക്കുമെന്ന് മേധാവികൾ പ്രഖ്യാപനം നടത്തിയ വിതുര ഡിപ്പോ വർഷങ്ങളായി കടലാസിലാണ്. കൊവിഡുകാലത്ത് നിറുത്തലാക്കിയ സർവീസുകളിൽ മിക്കതും ഇതിനകം പുനസ്ഥാപിച്ചുകഴിഞ്ഞു. എന്നാൽ ശാസ്താംകാവ് നിവാസികളുടെ ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. ബസ് സർവീസ് പുനരാരംഭിക്കണമെന്നും മേഖലയിലേക്ക് കൂടുതൽ ബസ് അയക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ശാസ്താംകാവ്, ആറ്റിൻപുറം നിവാസികൾ.ശാസ്താംകാവ് ബസ് സർവീസ് ആരംഭിക്കുന്നകാര്യം പരിഗണനയിലുണ്ടെന്നാണ് വിതുര ഡിപ്പോ വ്യക്തമാക്കുന്നത്.
ശാസ്താംകാവ് റോഡും തകർന്നു
മേലേകൊപ്പത്തു നിന്നും ശാസ്താംകാവ് മേഖലയിലേക്കുള്ള റോഡും തകർന്നുതരിപ്പണമായി കിടക്കുകയാണ്. തകർന്ന റോഡിലൂടെയുള്ള യാത്ര ഏറെ അപകടം നിറഞ്ഞതാണ്. അപകടങ്ങൾ പതിവായിക്കഴിഞ്ഞു. റോഡ് ഗതാഗതയോഗ്യമാക്കാൻ ഫണ്ട് അനുവദിച്ചിട്ടുണ്ട്. അടിയന്തരമായി റോഡ് ടാറിംഗ് നടത്തണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ശാസ്താംകാവ് നിവാസികൾ.