
കുന്നത്തുകാൽ: കഴിഞ്ഞ ഒരാഴ്ച മുമ്പ് തിമിർത്തുപെയ്ത മഴയിലും കാറ്റിലും തകർന്നുവീണ വീട്ടിനു മുന്നിൽ പ്രാണഭയത്തോടെ കഴിയുകയാണ് വൃദ്ധസഹോദരങ്ങൾ. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ അരുവിയോട് വാർഡിലെ ഇളന്തോട്ടത്ത് കാലായിൽ പുത്തൻവീട്ടിൽ സുഭദ്ര (73), സഹോദരങ്ങളായ വിജയൻ( 63), ബാലചന്ദ്രൻ( 57) എന്നിവർ താമസിക്കുന്ന വീടാണ് തകർന്നുവീണത്. രാത്രിയിൽ ചുവരിടിയുന്ന ശബ്ദം കേട്ട് മൂവരും പുറത്തേക്ക് ഓടിമാറിയതിനാൽ വൻദുരന്തം ഒഴിവായി.
ചുവരുകൾ ഇടിഞ്ഞു വീണതോടെ മേൽക്കൂരയിലെ ഷീറ്റുകൾ പകുതിയിലേറെയും കാറ്റിൽ പറന്നുപോയി. ദ്രവിച്ച പലകത്തട്ടുകളും മഴയിൽ കുതിർന്ന് പൊളിഞ്ഞു വീഴാറായി. ശേഷിക്കുന്ന മൺചുമരുകളും ഏതു നിമിഷവും നിലംപൊത്തുന്നവസ്ഥയിൽ. കുടുംബ വിഹിതത്തിലെ 14 സെന്റിലുണ്ടായിരുന്ന പഴയ വീട് തകർന്നതോടെ അവിവാഹിതരായ മൂന്നു സഹോദരങ്ങളും ത്രിശങ്കുവിലായി.
നാട്ടുകാർ വില്ലേജോഫീസിലും പഞ്ചായത്തിലുമുൾപ്പെടെയുള്ള അധികൃതരെ വിവരം അറിയിച്ചെങ്കിലും സംഭവം നടന്ന് പത്തുദിവസമായിട്ടും ആരും തിരിഞ്ഞു നോക്കിയിട്ടില്ല. ഒടുവിൽ കഴിഞ്ഞ ദിവസം നാട്ടുകാർ ഒത്തുകൂടി തൊട്ടടുത്ത് ആൾപ്പാർപ്പില്ലാത്ത വീട്ടുടമയുടെ അനുവാദത്തോടെ ദ്രവിച്ച മേൽകൂരയിൽ ടാർപ്പോളിൻ വിരിച്ച് വയോധികരെ മാറ്റിപ്പാർപ്പിച്ചു.
ശാരീരിക അവശതയിലും തൊഴിലുറപ്പ് പണിയെ ആശ്രയിച്ച് കഴിയുന്ന മൂവർക്കും ലൈഫ് ഭവനപദ്ധതി പ്രകാരം അടച്ചുറപ്പുള്ള വീട് നൽകണമെന്ന് സുഭദ്ര അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഭവന പദ്ധതി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന മറുപടി മാത്രമാണ് ലഭിച്ചത്. എത്രയും വേഗം വൃദ്ധ സഹോദരങ്ങൾക്ക് അടച്ചുറപ്പുള്ള വീട് ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.