dd

ശംഖുംമുഖം: തലസ്ഥാനത്തിന്റെ തീരദേശത്ത് കോവളത്തിനും പൂന്തുറയ്ക്കും ഇടക്കുള്ള പൂന്തുറ പൊഴിക്കര അപകടക്കെണിയാകുന്നു. ശാന്തമായൊഴുകുന്ന ജലപരപ്പിൽ കാലൊന്ന് വഴുതിയാൽ നീന്തൽ വശമുള്ളയാൾക്കുപോലും പൊഴിയുടെ അടിത്തട്ടിൽനിന്ന് തിരിച്ചുകയറാൻ പ്രയാസമായിരിക്കും. ശാന്തമായി കടലും ആറും പരസ്പരം സംഗമിക്കുന്ന ഒഴുകുന്ന പൊഴിയുടെ നയനമനോഹരമായ കാഴ്ചകൾ ആരെയും അരികിലേക്ക് മാടിവിളിക്കും. കഴിഞ്ഞ ഒരുവർഷത്തിനിടെ നിരവധി ജീവനുകൾ കവർന്നെടുത്ത പൊഴിക്കര കഴിഞ്ഞദിവസം പൂന്തുറ സ്വദേശിയായ 25കാരൻ ജോബിന്റെ ജീവനും കവർന്നിരുന്നു. പൊഴിക്കരയിലിരുന്ന് ചൂണ്ടയിട്ടിരിക്കുന്നതിനിടെ സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ ഫുട്ബാൾ വെള്ളത്തിൽ വീഴുന്നത് കണ്ട ജോബ് കുട്ടികളോട് വെള്ളത്തിൽ ഇറങ്ങേണ്ടെന്നുപറഞ്ഞ് ബോളെടുക്കാൻ പൊഴിയിലേക്ക് ഇറങ്ങിയപ്പോഴാണ് പൊഴിയുടെ അടിത്തട്ടിൽപ്പെട്ട് ജീവൻ പൊലിഞ്ഞത്. നല്ലരീതിയിൽ നീന്തൽ അറിയാമായിരുന്നിട്ടുപോലും തിരികെ കയറാൻ കഴിയാതെ ജീവൻ നഷ്ടപ്പെടുകയായിരുന്നു.


സുരക്ഷയില്ലാതെ പൊഴിമുഖം


കടലും കായലും ഒരു നേർത്ത മണൽത്തിട്ടയാൽ വേർതിരിക്കപ്പെട്ടിരിക്കുന്ന ഭാഗമാണ് പൂന്തുറ പൊഴിമുഖം. കടൽകയറ്റത്തിന് അനുസരിച്ച് പെട്ടെന്ന് അടക്കുകയും പിന്നീട് കാലാനുസൃതമായി തുറക്കപ്പെടുകയും ചെയ്യുകയാണ് പതിവ്.നേർത്ത മണൽത്തിട്ടയാൽ പൊഴിയുടെ ഭാഗത്ത് കടലും ആറും ഏത് നിമിഷവും ഒന്നായി മാറുന്നതാണ് അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്. സ്ഥിരമായി അഴിമുഖം ഒരുക്കാത്തതാണ് പൂന്തുറ പൊഴിക്കരയിലെ അപകടങ്ങൾക്ക് കാരണം. പൊഴിക്കരയിൽ ഇറങ്ങുന്നത് അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകാൻ നിർദ്ദേശ ബോർഡുകൾ പോലും സ്ഥാപിച്ചിട്ടില്ല. ലൈഫ്ഗാർഡുകളോ പൊലീസിന്റെ കർശനനിരീക്ഷണമോ ഇല്ല. പ്രദേശവാസികൾ നൽകുന്ന മുന്നറിയിപ്പുകളെപ്പോലും അവഗണിച്ചാണ് കൗമാരക്കാർ പൊഴിമുഖത്ത് തിമിർക്കുന്നത്. ഉച്ചയോടെ ഇവിടെ അടിഒഴുക്ക് കൂടുതൽ ശക്തിപ്പെടുന്നു.കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പൊലിഞ്ഞത് 20ഓളം ജീവനാണ്.


അഴിമുഖം പ്രഖ്യാപനത്തിലൊതുങ്ങി


പൂന്തുറ പൊഴിയെ അഴിയാക്കുന്നതിനായി വർഷങ്ങൾക്ക് മുമ്പേ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ന്യൂമറിക്കൽ പഠനം നടത്തി കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കുകയും10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നെങ്കിലും പ്രഖ്യാപനം ഫയലിൽ ഒതുങ്ങി.