
പാറശാല: ചെങ്കൽ പഞ്ചായത്തിലെ മേലമ്മാകം വാർഡിൽ സ്മാർട്ട് അങ്കണവാടിക്കായി പുതുതായി നിർമ്മിച്ച മന്ദിരത്തിൽ വെള്ളവുമില്ല, വെളിച്ചവുമില്ലെന്ന് പരാതി. എ.എ.റഹിം എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 15ലക്ഷംരൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.പുതിയ കെട്ടിടത്തിന് മുന്നിലായി അപകടാവസ്ഥയിൽ നിന്നിരുന്ന കൂറ്റൻ മരം പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മുറിച്ച് മാറ്റിയതിനെ തുടർന്നാണ് ക്ലാസുകൾ ആഭിച്ചത്. സ്മാർട്ട് അങ്കണവാടിയിൽ കുട്ടികൾ എത്തിയെങ്കിലും കെട്ടിടത്തിൽ വൈദ്യുതിയോ കുടിവെള്ളമോ ഇല്ലെന്നാണ് രക്ഷകർത്താക്കളും അദ്ധ്യാപകരും പരാതിപ്പെടുന്നത്. വൈദ്യുതി മീറ്റർ സമീപത്തെ പുരയിടത്തിൽ ഇളക്കിമാറ്റിയ നിലയിൽ തുടരുന്നതിനാൽ വൈദ്യുതി ലഭിക്കുന്നില്ലെന്ന് മാത്രമല്ല പ്രദേശം അപകട ഭീഷണിയിലുമാണ്.
അങ്കണവാടിക്ക് സമീപത്തെ കിണർ ശുദ്ധീകരിച്ചിട്ടില്ല. വൈദ്യുതിയും വെള്ളവും ലഭിക്കാത്തത് കാരണം കുട്ടികൾക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്ത അവസ്ഥയിലാണെന്ന് രക്ഷകർത്താക്കൾ പരാതിപ്പെട്ടു. പഞ്ചായത്ത് അധികൃതർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.