papanasam-story-

വർക്കല: വർഷങ്ങളായി സഞ്ചാരികൾക്ക് സുരക്ഷയും സൗകര്യങ്ങളും ഉറപ്പുനൽകിവന്ന പാപനാശം തീരത്തെ ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചിട്ട് മാസങ്ങൾ പിന്നിടുന്നു. ലൈറ്റുകൾ നന്നാക്കണമെന്ന് പലതവണ അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം. മറുനാടൻ വിനോദസഞ്ചാരികളടക്കം നിരവധിപേർ കടൽത്തീരത്ത് ഫോട്ടോഗ്രഫിക്കും സൂര്യാസ്തമയം ആസ്വദിക്കാനും എത്തുന്നുണ്ടെങ്കിലും വെളിച്ചമില്ലാത്തതിനാൽ വൈകിയെത്തുന്നവർ സുരക്ഷിതരല്ല. പുലർച്ചെ ബലിതർപ്പണത്തിന് പാപനാശം തീരത്തെത്തുന്നവർക്കും ഇരുട്ട് വലിയ ഭീഷണിയാണ്. ടൂറിസം പൊലീസ് എയ്ഡ് പോസ്റ്റും ഹൈമാസ്റ്റ് ലൈറ്റിന് സമീപത്തായാണ് പ്രവർത്തിക്കുന്നത്. വെളിച്ചമില്ലായ്മ പൊലീസുകാരെയും വലയ്ക്കുന്നുണ്ട്.

 വെളിച്ചം പ്രധാനം

ദിവസേന ആയിരങ്ങളാണ് പാപനാശം തീരത്തെത്തുന്നത്. ചിലക്കൂർ ആലിയിറക്കം മുതൽ കാപ്പിൽ വരെ എട്ട് കിലോമീറ്ററോളം ദൂരത്തിൽ പ്രദേശം ഇരുട്ടിലാണ്. വെളിച്ചം,സുരക്ഷ,ശുചിത്വം,സൗകര്യം എന്ന നാല് തൂണുകളിൽ നിൽക്കേണ്ടതാണ് വിനോദസഞ്ചാര മേഖലയിലെ വികസനമെന്നും പാപനാശം തീരം ഇവ നഷ്ടപ്പെടുത്തിയാൽ അതിന്റെ ആകർഷണം നഷ്ടപ്പെടുമെന്ന അഭിപ്രായവും സഞ്ചാരികൾക്കിടയിൽ ഉയരുന്നുണ്ട്.

നടപടി വേണം

ബ്ലാക്ക് ബീച്ചിലെ ഹൈമാസ്റ്റ് ലൈറ്റും പ്രവർത്തിക്കാതായിട്ട് മാസങ്ങളായി.ഹെലിപ്പാട് മുതൽ ബ്ലാക്ക് ബീച്ചുവരെ നീളുന്ന നടപ്പാതകളിലും ഇവിടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ വെളിച്ചം മാത്രമാണുള്ളത്.

തകരാറുകൾ പരിഹരിച്ച് വെളിച്ചം എത്തിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് സഞ്ചാരികളുടെയും പ്രദേശത്തെ വ്യാപാരികളുടെയും ആവശ്യം.