തിരുവനന്തപുരം: ആക്കുളം - വേളി ജലാശയങ്ങളിലെയും പാർവതി പുത്തനാറിലെയും സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തുന്ന കുളവാഴകൾ ശാസ്ത്രീയമായി നീക്കം ചെയ്യും. മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ,ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പാർവതിപുത്തനാർ ആരംഭിക്കുന്ന പൂന്തുറ മുതൽ അവസാനിക്കുന്ന വേളി കായൽ വരെയുള്ള ഭാഗത്തെ പ്ലാസ്റ്റിക്കും മാലിന്യങ്ങളും അറവുമാലിന്യങ്ങളും നീക്കംചെയ്ത് ശാസ്ത്രീയമായി സംസ്കരിക്കണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. കരിയൽ തോടും പട്ടം തോടും വൃത്തിയാക്കാനുള്ള നടപടികൾ മൈനർ ഇറിഗേഷൻ വകുപ്പ് സ്വീകരിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു. ഉള്ളൂർ തോട്ടിലെ മാലിന്യനീക്കത്തിന് മേജർ ഇറിഗേഷൻ നടപടിയെടുക്കണം. കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.