
തിരുവനന്തപുരം: സ്വാമി ഈശ മുന്നോട്ടുവയ്ക്കുന്ന വസ്തുനിഷ്ഠ, ആത്മനിഷ്ഠ വിദ്യാഭ്യാസത്തെ കുറിച്ച് ആഴത്തിൽ വിലയിരുത്തേണ്ടതുണ്ടെന്ന് പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ്.
സ്വാമി ഈശയുടെ വിദ്യാഭ്യാസ രീതികളെ കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ടുവന്നിട്ടുണ്ട്. ത്യാജ്യഗ്രാഹ്യ വിവേചന ശക്തിയുണ്ടാക്കുന്നതാണ് വിദ്യാഭ്യാസത്തിന്റെ ശക്തി. സ്വന്തം അമ്മയിൽ നിന്ന് ലഭിക്കുന്ന വിദ്യാഭ്യാസം പോലെയാണ് അദ്ദേഹം നമ്മെ പഠിപ്പിക്കുന്നതെന്നും ഡോ.ആനന്ദബോസ് പറഞ്ഞു.സ്വാമി ഈശയുടെ 71-ാം ജന്മദിനത്തോട് അനുബന്ധിച്ച് ഈശ വിശ്വവിജ്ഞാന ട്രസ്റ്റിന്റെ നേതൃത്വത്തിൽ മാസ്കോട്ട് ഹോട്ടലിൽ നടത്തിയ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.
സ്വാമി ഈശ മുന്നോട്ടുവയ്ക്കുന്ന സൈദ്ധാന്തിക അറിവുകളെ കുറിച്ച് സംസ്ഥാനത്തുള്ളവർക്ക് വലിയ ധാരണയില്ലെങ്കിലും ലോകരാജ്യങ്ങളിൽ അനേകരാണ് അവ പിന്തുടരുന്നത്. പ്രപഞ്ചത്തെ കുറിച്ചുള്ള അറിവാണ് അദ്ദേഹത്തിന്റെ ഐ തിയറി. ഇത് ദൈവകണത്തെ കുറിച്ച് ഗവേഷണം നടത്തുന്നവർ റഫറൻസായി പരിശോധിക്കുന്നുണ്ടെന്നും ഗവർണർ പറഞ്ഞു.
എല്ലായിടവും അസ്വസ്തതയാണുള്ളതെന്നും നമ്മെക്കുറിച്ചുള്ള അറിവില്ലായ്മയാണ് എല്ലാ ദുഃഖങ്ങൾക്കും കാരണമെന്നും സ്വാമി ഈശ പറഞ്ഞു. തന്നെ സ്നേഹിക്കുന്നതുപോലെ ലോകത്തെ സ്നേഹിക്കാനായാൽ പല മാറ്റങ്ങളുമുണ്ടാകും. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കൈവരിക്കണമെങ്കിൽ അറിവും നൈപുണ്യവും ഒന്നായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ഈശ വിശ്വവിജ്ഞാന ട്രസ്റ്റ് ഏർപ്പെടുത്തിയ സാഹിത്യ ശ്രേഷ്ഠ പുരസ്കാരം ഡോ.എം.ആർ.തമ്പാന് ഗവർണർ ആനന്ദബോസ് സമ്മാനിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ആർക്കിടെക്ട് ജി.ശങ്കർ, ഡോ.എം.ആർ.തമ്പാൻ, ഈശ വിശ്വവിദ്യാലയം പ്രിൻസിപ്പൽ മുരളീധരൻ നായർ എന്നിവർ പ്രസംഗിച്ചു.