
ബിജു. എ
ചീഫ് ഫാർമസിസ്റ്റ്, ഇൻഹൗസ് ഡ്രഗ് ബാങ്ക്,
ഗവ. മെഡി. കോളേജ്, തിരുവനന്തപുരം
..............................................................................................
അഭിമുഖം തയ്യാറാക്കിയത്:
കെ.എസ്. അരവിന്ദ്
ചുമമരുന്ന് കുടിച്ച് നിരവധി കുട്ടികൾ മരിച്ച സംഭവം രാജ്യത്ത് സൃഷ്ടിച്ച ഭീതി ചെറുതല്ല. അപൂർവമായെങ്കിലും മരുന്നും സുരക്ഷിതമല്ലാതായി മാറുന്ന കാലത്ത് ഇക്കാര്യത്തിൽ വലിയ ജാഗ്രത വേണമെന്നതിൽ സംശയമില്ല. ആരോഗ്യരംഗത്ത് നിരവധി മാതൃകകൾ തീർത്ത സംസ്ഥാനമാണ് കേരളം. എന്നാൽ ആരോഗ്യരംഗത്ത് അനിവാര്യമായ നേട്ടങ്ങൾ ഇനിയും ബാക്കിയാണ്. അതിൽ പ്രധാനമാണ് മരുന്ന് സാക്ഷരത.
ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധാലുക്കളായതുകൊണ്ടു തന്നെ എന്തിനും മരുന്നിനെ ആശ്രയിക്കുന്ന തെറ്റായ സംസ്‌കാരം വർദ്ധിക്കുന്നുണ്ട്. മാറിയ കാലത്തെ മരുന്ന് ഉപഭോഗം എങ്ങനെ വേണം എന്നതിനെക്കുറിച്ച്, രാജ്യത്ത് ഏറ്റവും വിലക്കുറവിൽ മരുന്നുവില്പന നടത്തി പാവപ്പെട്ടവരുടെ ആശ്രയമായ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ഇൻ ഹൗസ് ഡ്രഗ് ബാങ്കിന്റെ ചീഫ് ഫാർമസിസ്റ്റ് ബിജു. എ സംസാരിക്കുന്നു.
? ജീവൻ രക്ഷിക്കുന്ന മരുന്നുകൾ ജീവനെടുക്കുന്ന സ്ഥിതിയുണ്ടോ.
കൃത്യമായ മരുന്നുകൾ, കൃത്യ സമയത്ത്, കൃത്യമായ അളവിൽ ലഭ്യമായാൽ മരുന്നുകൾ ജീവജാലങ്ങളുടെ മിത്രമാകും. ഇതിൽ ഏതെങ്കിലുമൊന്ന് പിഴച്ചാൽ വലിയ ശത്രുവും! അതുകൊണ്ട് ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തണം. വീട്ടിലെ മുതിർന്ന കുട്ടിക്ക് പനിക്കായി ഡോക്ടർ കുറിച്ചുനല്കിയ ഗുളികയും സിറപ്പും രണ്ടാഴ്ചയ്ക്കു ശേഷം ഇളയ കുട്ടിക്ക് സമാന രോഗലക്ഷണങ്ങൾ ഉണ്ടായാൽ, അപ്പോൾത്തന്നെ വാങ്ങി അതേ അളവിൽ കൊടുക്കുന്ന രക്ഷിതാക്കളുണ്ട്. കുട്ടികളുടെ പ്രായം, ശരീരഭാരം, രോഗാവസ്ഥ എന്നിവയെല്ലാം വിലയിരുത്തിയാണ് മരുന്നിന്റെ ഡോസ് ഡോക്ടർ നിശ്ചയിക്കുന്നത്. ഡോസ് മാറിയാൽ അമിത ക്ഷീണം, ഛർദ്ദി, രക്തസമ്മർദ്ദത്തിൽ വ്യത്യാസം തുടങ്ങി പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. ജീവനു തന്നെ ഭീഷണിയാകാനും മതി. ഈ സാഹചര്യത്തിലാണ് മരുന്ന് സാക്ഷരയുടെ പ്രസക്തി.
? മരുന്നിന്റെ ഉപയോഗം സുരക്ഷിതമാക്കാൻ...
മരുന്നിന്റെ ഉപയോഗം ഒരുഘട്ടത്തിൽ മാത്രം സുരക്ഷിതമാക്കാൻ കഴിയുന്നതല്ല. നിർമ്മാണഘട്ടം മുതൽ രോഗി ഉപയോഗിക്കുന്ന സമയംവരെ നീണ്ടു നിൽക്കുന്ന പ്രക്രിയയാണ് അത്. മരുന്ന് നിർമ്മാണം, ട്രാൻസ്‌പോർട്ടിംഗ്, മരുന്നുകൾ സൂക്ഷിക്കുന്ന ഗോഡൗണുകൾ, ആശുപത്രികളിലെയും കമ്മ്യൂണിറ്റി ഫാർമസികളിലെയും മുറികൾ, രോഗികൾക്ക് മരുന്ന് നൽകുന്ന ആരോഗ്യപ്രവർത്തകനും ഫാർമസിസ്റ്റിനും മരുന്നിനെക്കുറിച്ചുള്ള അറിവ്, രോഗിക്ക് മരുന്ന് കഴിക്കേണ്ട അളവിനെക്കുറിച്ചുള്ള ധാരണ.... ഇങ്ങനെ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കും, മരുന്നുകളുടെ സുരക്ഷിതത്വം. ഏതെങ്കിലുമൊന്ന് പിഴച്ചാൽ എല്ലാം താളംതെറ്റും.
? പേവിഷ വാക്‌സിൻ ഉൾപ്പെടെ പല മരുന്നിനും ഫലംകാണുന്നില്ലെന്ന ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടോ.
ഒരു മരുന്നിനും പൂർണവിജയം ഉറപ്പു നൽകാനാകില്ല. പ്രത്യേകിച്ച് വാക്‌സിനുകളുടെ കാര്യത്തിൽ അതിന്റെ കോൾഡ് ചെയിൻ ബ്രേക്ക് ചെയ്യാതിരിക്കുക പ്രധാനമാണ്. നിർമ്മാണഘട്ടം മുതൽ രോഗിയിൽ കുത്തിവയ്ക്കുന്നതു വരെ വാക്സിനുകൾ ഒരേ ഊഷ്മാവിൽ സൂക്ഷിക്കണം. വാക്സിനുകളും പ്രത്യേക ഊഷ്മാവിൽ സൂക്ഷിക്കേണ്ട മരുന്നുകളും സൂക്ഷിച്ചിരിക്കുന്ന റെഫ്രിജറേറ്റർ അറിയാതെ ഓഫാക്കുകയോ, വൈദ്യുതി തകരാറ് കാരണം പ്രവർത്തനരഹിതമാകുകയോ ചെയ്താൽ മരുന്നുകൾ ഉപയോഗശൂന്യമാകും.
വാക്‌സിനുകൾ സൂക്ഷിക്കുന്ന ആരോഗ്യകേന്ദ്രങ്ങളിൽ ജനറേറ്റർ നിർബന്ധമാണ്. അതുണ്ടെങ്കിൽ മാത്രമേ വാക്‌സിൻ സൂക്ഷിക്കാവൂ. രാത്രിയിൽ പവർ കട്ടായാൽ ഊഷ്മാവ് നഷ്ടപ്പെടും. അത് മരുന്നിന്റെ ഫലപ്രാപ്തിയെ ബാധിക്കും. വാക്‌സിന്റെ കാര്യത്തിൽ മാത്രമല്ല, ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഇൻസുലിൻ മരുന്നുകൾക്കു പോലും ഇത് ബാധകമാണ്. ഇൻസുലിൻ ശീതീകരിച്ച ബോക്‌സിൽ വാങ്ങി വേണം വീട്ടിലെത്തിക്കാൻ. ഉടനെ ഫ്രിഡ്ജിൽ വയ്ക്കുകയും വേണം. പൗഡർ രൂപത്തിലുള്ള ഇൻജക്ഷൻ മരുന്നുകൾ മിക്‌സ് ചെയാൽ അപ്പോൾത്തന്നെ ഉപയോഗിച്ചു തീർക്കണം. ഒരു രോഗിക്ക് അരഡോസ് മതിയെന്നു കരുതി ബാക്കി മരുന്ന് സൂക്ഷിക്കരുത്. ഇത്തരം ആന്റിബയോട്ടിക്കുകളുടെ ഫലം നഷ്ടപ്പെടുകയോ കുറയുകയോ ചെയ്യും.
? ശരിയായ മരുന്ന് ഉപയോഗത്തെക്കുറിച്ച് ഇനിയും അവബോധം ആവശ്യമുണ്ടോ.
അടിസ്ഥാന ധാരണ പോലുമില്ലാതെ പലരും മരുന്ന് ഉപയോഗിക്കാറുണ്ട്. ഗുളികകൾ നിസാരമായി പലരും കഴിക്കുന്നു. ഗുളിക കഴിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമെ ഉപയോഗിക്കാവൂ. ജ്യൂസും മറ്റു പാനീയങ്ങളും ഇതിനായി ഉപയോഗിക്കുന്നത് വ്യാപകമാണ്- പ്രത്യേകിച്ച് കുട്ടികളിൽ. ഇത് തെറ്റായ പ്രവണതയാണ്. ഗുളികകൾ മറ്റു പാനീയങ്ങളുമായി കലർന്ന് പ്രതിപ്രവർത്തിച്ച് ദൂഷ്യഫലങ്ങളുണ്ടാക്കും.
ചിലർ ക്യാപ‌്‌സ്യൂളുകൾ പോലും മുറിച്ചു കഴിക്കും. ആമാശയത്തിലെത്തി മാത്രം പൊട്ടി, ശരീരത്തിൽ പ്രവർത്തിക്കേണ്ട ക്യാപ്‌സൂളിനുള്ളിലെ മരുന്ന് വായ് മുതൽ കടന്നുപോകുന്ന വഴികളിലെല്ലാം പറ്റിപ്പിടിക്കുന്നത് നല്ലതല്ല. ആഹാരത്തിനു മുമ്പ് മരുന്നു കഴിക്കാൻ ഡോക്ടർ നിർദ്ദേശിച്ചാൽ ആഹാരം കഴിക്കുന്നതിന് അരമണിക്കൂർ മുമ്പ് കഴിക്കണം. ആഹാരത്തിനു ശേഷം കഴിക്കേണ്ടവ ഭക്ഷണത്തിന് അരമണിക്കൂറിനു ശേഷവും, ആഹാരത്തിനൊപ്പം കഴിക്കേണ്ടവ ആഹാരം അല്പം കഴിച്ചതിനു ശേഷവും കഴിക്കുക. അതിനു ശേഷം ഭക്ഷണം പൂർത്തിയാക്കുക.
? മരുന്നുകളുടെ ഉപയോഗം പോലെ പ്രധാനമല്ലേ നിർമ്മാർജ്ജനവും.
ആണ്, ഉപയോഗശൂന്യമായ മരുന്നുകളില്ലാത്ത വീടുകൾ കാണില്ല. ആരോഗ്യസംരക്ഷണത്തിലെ മലയാളിയുടെ പ്രത്യേക താത്പര്യം കാരണം. ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്ന് പൂർണമായി വാങ്ങും, അത് നല്ലതാണ്. എന്നാൽ രണ്ടു ദിവസം കഴിച്ച് രോഗം ഭേദമായാൽ ബാക്കി കഴിക്കില്ല. കോഴ്സ് പൂർത്തിയാക്കതെ മരുന്ന് നിറുത്തുന്നത് കൃത്യമായ ഫലം നൽകില്ല. ഇങ്ങനെ ബാക്കിവരുന്ന മരുന്ന് ബാദ്ധ്യതയാണ്. ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ളവ നിസാരമായി വലിച്ചെറിയരുത്. ഇത് മണ്ണിൽ ചേർന്ന് കിണറുകളിലും ജലാശങ്ങളിലും വരെ എത്തും. ഇത് രോഗാണുക്കളുടെ വകഭേദങ്ങൾക്ക് കാണമാകും.
ഉദാഹരണത്തിന്, ഇപ്പോൾ എലിപ്പനി മരണങ്ങൾ വർദ്ധിക്കുകയാണല്ലോ. ഡോക്‌സിസൈക്ളിൻ പോലെ ഫലപ്രദമായ മരുന്നുണ്ടായിട്ടും ഇത് സംഭവിക്കുന്നു. മണ്ണിലും മലിനജലത്തിലുമുള്ള ലെപ്റ്റോസ്‌പൈറോകളാണ് രോഗകാരികൾ. നമ്മൾ വലിച്ചെറിയുന്ന ആന്റിബയോട്ടുക്കുകളുമായി ചേർന്ന് ഈ ബാക്ടീരിയകൾക്ക് വകഭേദമുണ്ടായാൽ അവ പ്രതിരോധ ഗുളികകളെ അതിജീവിക്കാനുള്ള ശേഷി കൈവരിക്കും. രോഗകാരികൾ മരുന്നിനെ അതിജീവിക്കുന്ന കാലത്ത് മനുഷ്യരാശിയുടെ നിലനില്പുതന്നെ ചോദ്യം ചെയ്യപ്പെടും. ഉപയോഗശൂന്യമായ മരുന്നുകൾ വീടുകളിൽ നിന്ന് ശേഖരിക്കാൻ ഹരിതകർമ്മ സേനയുടെ സഹകരണത്തോടെ ആരംഭിച്ചിട്ടുള്ള പദ്ധതി വ്യാപകമാക്കണം. ശേഖരിച്ചാൽ മാത്രം പോരാ, കൃത്യമായ സംസ്കരണത്തിന് സംവിധാനങ്ങൾ ഉറപ്പാക്കണം.
? ഓൺലൈൻ മരുന്ന് വ്യാപാരം അപകടകരമാണോ.
മാറുന്ന കാലത്തിന് അനുസരിച്ചുള്ള മാറ്റം ഈ രംഗത്തുമുണ്ടാകണം. ഓൺലൈനിലെ മരുന്ന് വ്യാപാരത്തെ കണ്ണടച്ച് എതിർക്കേണ്ടതില്ല. ജനങ്ങൾക്ക് കുറഞ്ഞ വിലയിൽ നിലവാരമുള്ള മരുന്ന് ലഭിക്കണം- അത് ഇൻഹൗസ് ഡ്രഗ് ബാങ്കിൽ നിന്നായാലും മറ്റൊരിടത്തു നിന്നായാലും. വ്യാജ സൈറ്റുകളിൽ നിന്ന് ഒരിക്കലും വാങ്ങരുതെന്നു മാത്രം. ക്യാൻസർ, അവയവമാറ്റ രോഗികൾക്കുള്ള വിലകൂടിയ മരുന്നുകൾ എന്നിവ വാങ്ങുമ്പോൾ പ്രത്യേക ജാഗ്രത പുലർത്തണം.