vartha-sammelanam

കല്ലമ്പലം: കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് പള്ളിക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ തിരിതെളിയും. 5 ദിവസം നീണ്ടുനിൽക്കുന്ന കലോത്സവ മാമാങ്കത്തിൽ 6830 വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. സ്കൂളിൽ പ്രത്യേകം തയാറാക്കിയിരിക്കുന്ന 9 വേദികളിൽ 78 സ്കൂളുകളിൽ നിന്നായി 360 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.കലോത്സവത്തിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കുമുള്ള ഭക്ഷണം, കുടിവെള്ളം,ടോയ്‌ലെറ്റ് സൗകര്യം,മീഡിയ റൂം,വിശ്രമ സ്ഥലം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി കല്ലമ്പലം പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംഘാടകർ പറഞ്ഞു.

കലോത്സവത്തിന്റെ ഉദ്ഘാടനം അഡ്വ.വി.ജോയി എം.എൽ.എ നിർവഹിക്കും.പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന അദ്ധ്യക്ഷത വഹിക്കും.സ്കൂൾ പി.ടി.എ പ്രസിഡന്റ് അജീം അലി സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ നഹാസ്.എ നന്ദിയും പറയും.ജനറൽ കൺവീനർ ഉഷ.എസ് പതാക ഉയർത്തും. കിളിമാനൂർ എ.ഇ.ഒ വി.എസ് പ്രദീപ് റിപ്പോർട്ടും ജില്ലാ പഞ്ചായത്തംഗം ടി.ബേബി സുധ മുഖ്യപ്രഭാഷണവും നടത്തും.

7ന് നടക്കുന്ന സമാപന സമ്മേളനം അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. റിസപ്ഷൻ കമ്മിറ്റി ചെയർമാൻ ഐ.മുബാറക് സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ എസ്.ഉഷ നന്ദിയും പറയും. പ്രോഗ്രാം കൺവീനർ ഷമീർ ഷൈൻ അവാർഡ് പ്രഖ്യാപനം നടത്തും. മികച്ച ലോഗോയ്ക്കുള്ള ഉപഹാര സമർപ്പണം ആർ.ബിജുവും സമ്മാന വിതരണം ഐഡിയ സ്റ്റാർ സിംഗർ വിജയി റിതു കൃഷ്ണയും നിർവഹിക്കും. വാർത്താ സമ്മേളനത്തിൽ പബ്ലിസിറ്റി കമ്മിറ്റി കൺവീനർ നൗഫൽ, ജനറൽ കൺവീനർ ഉഷ.എസ്,പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റും സ്വാഗത സംഘം ചെയർപേഴ്സണുമായ എം.ഹസീന,എ.ഇ.ഒ വി.എസ് പ്രദീപ്,സ്വാഗത സംഘം വൈസ് ചെയർമാൻ അജീം അലി,പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷമീർ ഷൈൻ തുടങ്ങിയവർ പങ്കെടുത്തു.