
തിരുവനന്തപുരം: കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായിരിക്കുന്നു. ഒരു മാതൃകകൂടി രാഷ്ട്രത്തിനു മുമ്പാകെ സമർപ്പിക്കുകയാണ്. മറ്റു സംസ്ഥാനങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന മാതൃക. കേരളപ്പിറവി ദിനത്തിൽ വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.
സഭ വിളിച്ചുചേർത്ത രീതിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹിഷ്കരിച്ചു. ചട്ടം 300 അനുസരിച്ചായിരുന്നു പ്രത്യേക പ്രസ്താവന. 24 മിനിറ്റ് നീണ്ടു. തുടർന്ന് മറ്റ് അജൻഡകളൊന്നുമെടുക്കാതെ പിരിഞ്ഞു.
പ്രഖ്യാപനം നടത്തുമ്പോൾ സഭയിൽ അംഗമായിരിക്കാൻ കഴിയുന്നതിൽ അഭിമാനിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാർവ്വത്രിക പൊതുവിതരണ സമ്പ്രദായം, ഭൂ, ഭവനരാഹിത്യം നിർമ്മാർജ്ജനം ചെയ്യൽ എന്നിവയിലൂടെ നേടിയതാണിത്. 1,000 കോടിയിലധികം രൂപയാണ് ചെലവഴിച്ചത്.
ഐക്യരാഷ്ട്രസഭയുടെ 1975ലെ ഇക്കണോമിക് ആൻഡ് സോഷ്യൽ അഫയേഴ്സ് റിപ്പോർട്ടിൽ കേരളത്തിൽ ഗ്രാമീണമേഖലയിൽ 90.75ശതമാനവും നഗരമേഖലയിൽ 88.89ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സംസ്ഥാനം. അവിടെ നിന്നാണ് അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്ത ആദ്യ സംസ്ഥാനമായി തലയുയർത്തി നിൽക്കുന്നത്.
നിതിആയോഗിന്റെ 2022-23ലെ സൂചികപ്രകാരം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കേരളത്തിലെ ജനസംഖ്യ വെറും 0.48ശതമാനമാണ്. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്നനിരക്ക് 26.59 ശതമാനവും അഖിലേന്ത്യാ ശരാശരി 11.28 ശതമാനവുമാണ്.
വീണ്ടും ദരിദ്രരാക്കില്ല
ദാരിദ്ര്യമുക്തരായവർ പഴയ അവസ്ഥയിലേക്ക് വീണുപോകില്ലെന്ന് ഉറപ്പാക്കും. കാലാകാലങ്ങളിൽ കൃത്യമായ പരിശോധനയും നടപടികളും സ്വീകരിക്കും. ഇതിനുള്ള രൂപരേഖ തയ്യാറായിട്ടുണ്ട്. ഈ കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സാമൂഹികനീതി, തുല്യത എന്നിവ ഉറപ്പാക്കുന്നതിനും ജാഗ്രയോടെയുള്ള ഇടപെടൽ ഉണ്ടാകും.