
തിരുവനന്തപുരം:അതിദാരിദ്ര്യമുക്ത പ്രഖ്യാപനം തട്ടിപ്പാണെന്ന് ആരോപിച്ച്
നിയമസഭാ സമ്മേളനം ബഹിഷ്കരിച്ച് പ്രതിപക്ഷം.എന്തിനാണ് ഭയന്നോടുന്നതെന്ന് പരിഹസിച്ച മുഖ്യമന്ത്രി,തട്ടിപ്പെന്ന ആരോപണം, സ്വന്തം ശീലങ്ങളിൽ നിന്നാണെന്ന്
തിരിച്ചടിച്ചു.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന സമരത്തിൽ തീരുമാനമുണ്ടാകാതെ സഭാ സമ്മേളനത്തിൽ സഹകരിക്കാനാവില്ലെന്നും, ശനിയാഴ്ച സഭ ചേരുന്നത് ചട്ടവിരുദ്ധമാണെന്നും പ്രതിപക്ഷ
നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പിന്നാലെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷാംഗങ്ങൾ സഭ വിട്ടിറങ്ങി സഭാകവാടത്തിൽ ധർണ നടത്തി.
നവംബർ 1ന് കേരളം അതിദാരിദ്ര്യമുക്തമെന്ന് പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.കഴിഞ്ഞ മന്ത്രിസഭായോഗം നടന്ന ദിവസം അതിദാരിദ്രമനുഭവിക്കുന്ന ഒരു കുടുംബമായാണ് ബാക്കിയുണ്ടായിരുന്നത്.ആ കുടുംബം അതിദാരിദ്ര്യ മുക്തമാകുന്നവിവരം വെബ്സൈറ്റിൽ വന്നിരുന്നു. പത്രസമ്മേളനത്തിൽ അക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇതൊന്നും രഹസ്യമായ കാര്യമല്ല.ഇത് ചരിത്രപ്രധാനമായ കാര്യമായതു കൊണ്ട് നാടിനെയും രാജ്യത്തെയും ലോകത്തെയും അറിയിക്കാൻ ഏറ്റവും ഉചിതമായ മാർഗമായതിനാലാണ് നിയമസഭയിൽ പ്രഖ്യാപനം നടത്താൻ തീരുമാനിച്ചത്.നടപ്പാക്കാൻ കഴായുന്ന
കാര്യമേ സർക്കാർ പറയാറുള്ളൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചരിത്ര പ്രഖ്യാപനത്തിന് സാക്ഷിയാകാൻ മുൻ സ്പീക്കർ എം.വിജയകുമാറും ആസൂത്രണബോർഡ് അംഗങ്ങളും ജീവനക്കാരും പദ്ധതിയുമായി സഹകരിച്ച വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സന്ദർശക നിരയിലുണ്ടായിരുന്നു.പ്രതിപക്ഷ ബഹിഷ്ക്കരണത്തിനൊപ്പം ചേരാതെ , പിന്നിലായി കോൺഗ്രസ് സസ്പെൻഡ് ചെയ്ത എം.എൽ.എ.രാഹുൽ മാങ്കൂട്ടത്തിൽ സഭ ബഹിഷ്ക്കരിച്ചതും കൗതുകമായി.
സർക്കാരിന്റേത്
പ്രചരണ തന്ത്രം :
രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ അതിദാരിദ്രനിർമ്മാർജ്ജന പ്രഖ്യാപനം പ്രചരണ
തന്ത്രമാണെന്ന് ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സർക്കാർ പുറത്തുവിട്ട കണക്കുകൾക്ക് യാതൊരു വിധ ആധികാരികതയുമില്ല.
കണക്കുകളിൽ വലിയ പൊരുത്തക്കേടുണ്ട്.
2021ലെ സിപിഎമ്മിന്റെ പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്നത് നാലര ലക്ഷത്തിലധികം അതിദാരിദ്ര്യർ കേരളത്തിലുണ്ടെന്നാണ്. ഒരു മാസം മുൻപ് നിയമസഭയിൽ മന്ത്രി പറഞ്ഞതും 6 ലക്ഷത്തോളം ആളുകളുണ്ടെന്നാണ്.എന്നാൽ സർക്കാർ ആദ്യം തയ്യാറാക്കിയ പട്ടികയിൽ ഒന്നര ലക്ഷം പേർ മാത്രം,.പിന്നീട് 64,000 ആയി ചുരുക്കി.ലോക ബാങ്കിന്റെ കണക്കുകൾ പ്രകാരം ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളിൽ കേരളം ഇന്ത്യയിൽ ഏറ്റവും പിറകിലുള്ള സംസ്ഥാനമാണ്.കഴിഞ്ഞ ഒമ്പതര വർഷം ഒന്നും ചെയ്യാതിരുന്ന പിണറായി വിജയൻ തിരഞ്ഞെടുപ്പിന് എത്തിയപ്പോൾ പതിവു പോലെ നുണ പറഞ്ഞ് പറ്റിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കേരളത്തിൽ ഒന്നര ലക്ഷത്തിലധികം ആളുകൾ കയറിക്കിടക്കാൻ വീടിനായി അപേക്ഷ നൽകി കാത്തിരിക്കുകയാണെന്നും അദ്ദേഹംപറഞ്ഞു.
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം
ശുദ്ധതട്ടിപ്പ്:എം.ടി. രമേശ്
കോഴിക്കോട്: സംസ്ഥാനം അതിദാരിദ്ര്യ മുക്തമായെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ പ്രഖ്യാപനം നടത്തിയതെന്ന് മനസിലാവുന്നില്ലെന്ന് അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. സെപ്തംബറിൽ നിയമസഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി സംസ്ഥാനത്ത് ആറു ലക്ഷം അതിദരിദ്രരുണ്ടെന്നാണ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞത്. ഇത്രവേഗം ഇവർ എങ്ങനെയാണ് അതിദരിദ്രരെ കണ്ടെത്തി അത് പരിഹരിച്ചത്? സ്വന്തമായി വീടില്ലാത്ത പതിനായിരങ്ങൾ കേരളത്തിലുണ്ട്.നീതി ആയോഗിന്റെ കണക്കിൽ കേരളത്തിൽ അതിദരിദ്രരുണ്ടെന്നും രമേശ് പറഞ്ഞു.
അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം
പി ആർ സ്റ്റണ്ട്: കെ.സി വേണുഗോപാൽ
തിരുവനന്തപുരം: സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം പി.ആർ സ്റ്റണ്ടാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. ഈ പ്രഖ്യാപനത്തിലൂടെ അരികുവത്കരിക്കപ്പെട്ടൊരു ജനതയുടെ അവകാശങ്ങളെയാണ് സംസ്ഥാന സർക്കാർ നിഷേധിച്ചത്. വിശക്കുന്ന മനുഷ്യനെ തിരഞ്ഞെടുപ്പിനുള്ള പ്രചരണ ആയുധങ്ങളായി സർക്കാർ കാണരുത്. സംസ്ഥാനത്തെ അതിദരിദ്രരായ 5.29 ലക്ഷം മഞ്ഞക്കാർഡ് ഉടമകൾക്ക് കേന്ദ്രസർക്കാർ അരിയും ഗോതമ്പും നൽകുമ്പോൾ എങ്ങനെയാണ് സർക്കാരിന്റെ കണക്കിൽ അതിദരിദ്രരുടെ എണ്ണം 64,006 ആയി കുറഞ്ഞതെന്ന് വ്യക്തമാക്കണമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.