കിളിമാനൂർ: ഇടവിട്ട് മഴപെയ്യാൻ തുടങ്ങിയതോടെ ഒരുമാസമായി ഗ്രാമങ്ങളിൽ ഈച്ചശല്യം രൂക്ഷമാണ്. വിവിധ ഭാഗങ്ങളിൽ മാലിന്യം കുമിഞ്ഞതോടെയാണ് ഈച്ചകളും പെറ്റുപെരുകിയത്. ഗ്രാമങ്ങളിലും നഗര പ്രദേശങ്ങളിലും ഈച്ചശല്യം കൂടിയിട്ടുണ്ട്. വഴിയരികിൽ വലിച്ചെറിയുന്ന മാലിന്യത്തിൽ വന്നിരിക്കുന്ന ഈച്ചകളാണ് വീടുകളിലും കടകളിലും വ്യാപകമായി പറന്നെത്തുന്നത്. വീടുകളിൽ അടുക്കളയിലാണ് ഏറ്റവുമധികം ശല്യം. ഭക്ഷണത്തിലും പാത്രങ്ങളിലും ഇവ വന്നിരിക്കുന്നു. വീടുകളിലെ ഓരോ മുറിയിലും കെണിവച്ച് ഇവയെ പിടികൂടേണ്ട ഗതികേടാണ്. ബ്ലീച്ചിംഗ് പൗഡർ ആവശ്യപ്പെട്ട് ആരോഗ്യ വിഭാഗത്തെ സമീപിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.

രോഗ വാഹികൾ

ഇ കോളി,​ സാൽമൊണെല്ല എന്നിവയുൾപ്പെടെ നിരവധി രോഗകാരികളായ ബാക്ടീരിയകളെ വഹിക്കാൻ ഈച്ചകൾക്ക് കഴിയും. ഇവ ഓരോതവണയും ഭക്ഷണങ്ങളിൽ വന്നിരിക്കുമ്പോൾ അതുവഴി വലിയ ആരോഗ്യപ്രശ്നങ്ങൾ തന്നെ ഉണ്ടാകാം.

 സ്റ്റിക്കി ഫ്ലൈ ട്രാപ്പുകൾ

ഈച്ചശല്യം വർദ്ധിച്ചതോടെ ഇവയെ പിടികൂടാൻ സ്റ്റിക്കി ഫ്ലൈ ട്രാപ്പുകൾ സ്ഥാപിക്കുന്നവരും കുറവല്ല. മഞ്ഞനിറത്തിലുള്ള ഈ പശനിറഞ്ഞ പേപ്പറിൽ ഒട്ടുന്ന ഈച്ചകൾക്ക് പിന്നീട് പറന്നുപോകാൻ കഴിയാത്തതിനാൽ അവയെ ഒരു പരിധിവരെ നശിപ്പിക്കാം.

പഞ്ചസാര വെള്ളവും പേപ്പർ കെണിയും

പഞ്ചസാര,​ വെള്ളം,​ തേൻ എന്നിവ ചേർത്ത് ഈച്ചകൾ ഒട്ടിപ്പിടിക്കുന്ന തരത്തിൽ മിശ്രിതം തയാറാക്കണം. ഈ മിശ്രിതം കടലാസിൽ വിതറി ഈച്ചകൾ കൂടുതലുള്ള ഭാഗത്ത് സ്ഥാപിക്കുക. ഈച്ചകൾ മധുരത്തിലേക്ക് ആകർഷിക്കപ്പെടുകയും പേപ്പറിൽ പറ്റിപ്പിടിയിക്കുകയും ചെയ്യും.