
തിരുവനന്തപുരം:സമസ്ത ജീവിതമണ്ഡലങ്ങളിലും മലയാളഭാഷയ്ക്ക് മുഖ്യ ഇടം ലഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മലയാളദിനാഘോഷത്തിന്റെയും ഭരണഭാഷാവാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
നിയമം അടിച്ചേൽപ്പിച്ചുകൊണ്ടല്ല ഭരണഭാഷ മലയാളമാക്കേണ്ടത് എന്നാണ് സർക്കാരിന്റെ പക്ഷം.മലയാളഭാഷ പഠനത്തിനും വികസനത്തിനും സർക്കാർസ്വീകരിച്ചിട്ടുള്ള നടപടികൾ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇംഗ്ലീഷും ന്യൂനപക്ഷഭാഷകളും ഉപയോഗിക്കേണ്ട സാഹചര്യങ്ങളൊഴിച്ച് മറ്റെല്ലായ്പ്പോഴും മലയാളം ഉപയോഗിച്ചേ മതിയാവൂ എന്നും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
കുട്ടിയായിരിക്കുമ്പോൾ മുതൽ മാതൃഭാഷയാണ് ഭാഷാ, ഭാഷണ,പഠന,സാമൂഹികശേഷി വളർത്തിയെടുക്കുന്നത്. കേരളത്തിലെ കുട്ടികളുടെ മാതൃഭാഷാപഠനം ഉറപ്പുവരുത്തുന്നതിനായാണ് 2017ൽ മലയാളഭാഷാ പഠനബിൽ പാസ്സാക്കിയത്. മലയാളഭാഷയുടെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട് സർക്കാർ തയ്യാറാക്കിയ 2025ലെ മലയാള ഭാഷാബിൽ ഒക്ടോബർ 10ന് നിയമസഭ പാസ്സാക്കി.ഗവർണറുടെ അംഗീകാരം ലഭിച്ചാൽ അത് നിയമമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളഭാഷയ്ക്ക് മികച്ച സംഭാവനകൾ നൽകിയ കെ.കെ.സരസമ്മ, ഡോ.എം.എം.ബഷീർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഭാഷാസംബന്ധിയായി സമകാലിക ജനപഥത്തിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ സമാഹരിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കിയ 'അമ്മമൊഴി മധുരസ്മൃതി' മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഭരണഭാഷാപുരസ്‌കാര വിതരണം നിർവഹിച്ചു. 2026ലെ സർക്കാർ കലണ്ടറും പ്രകാശനം ചെയ്തു.
സാംസ്‌കാരികവകുപ്പുമന്ത്രി സജിചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.മുൻചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് മുഖ്യപ്രഭാഷണം നടത്തി.ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ജീവനക്കാർക്ക് ഭരണഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഉദ്യോഗസ്ഥഭരണപരിഷ്‌ക്കാര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ.ഖോബ്രഗഡെ സ്വാഗതവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി.സുഭാഷ് നന്ദിയും പറഞ്ഞു.