d

കോയമ്പത്തൂർ: തമിഴ്നാട്ടിൽ എൻ.ഡി.എയ്ക്ക് നല്ല രാഷ്ട്രീയ സഖ്യം രൂപീകരിക്കാൻ ഇനിയും സമയമുണ്ടെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ. താനിപ്പോഴും ബി.ജെ.പി പ്രവർത്തകനാണ് ഇഷ്ടപ്പെട്ടാൽ രാഷ്ട്രീയത്തിൽ തുടരും. ഇല്ലെങ്കിൽ തിരികെ കൃഷിയിലേക്കു പോകുമെന്നും അദ്ദേഹം പറഞ്ഞു.

അണ്ണാ ഡി.എം.കെ നേതാക്കൾ ഇപ്പോഴും അണ്ണാമലൈയെ വിമർശിക്കുന്നുവെന്ന് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സംസ്ഥാനത്ത് ശുദ്ധമായ രാഷ്ട്രീയം കൊണ്ടുവരുമെന്ന ആത്മവിശ്വാസത്തോടെയാണ് ഞാൻ ബി.ജെ.പിയിൽ ചേർന്നത്.' നിരവധി അണ്ണാ ഡി.എം.കെ നേതാക്കൾ ഇപ്പോഴും തനിക്കെതിരെ വ്യക്തിപരമായ പരാമർശങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'അമിത് ഷായ്ക്ക് നൽകിയ വാക്ക് കാരണം ഞാൻ മൗനം പാലിക്കുകയാണ്. പക്ഷേ എല്ലാവർക്കും ഒരു ലക്ഷ്മണരേഖയുണ്ട്. സമയമാകുമ്പോൾ ഞാൻ സംസാരിക്കും. മനസാക്ഷിക്ക് വിരുദ്ധമായി എനിക്ക് പലതും പറയേണ്ടി വന്നിട്ടുണ്ട്' -അദ്ദേഹം പറഞ്ഞു.

അണ്ണാമലൈയെ ബി.ജെ.പി സംസ്ഥാ അദ്ധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്ന അണ്ണാ ഡി.എം.കെയുടെ ‌ഡിമാന്റ് ബി.ജെ.പി കേന്ദ്ര നേതൃത്വം അംഗീകരിച്ചതിനെ തുടർന്നാണ് അണ്ണാ ഡി.എം.കെ തിരികെ എൻ.ഡ‌ി.എയിൽ എത്തിയത്. അദ്ധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റുമ്പോൾ കേന്ദ്രത്തിൽ അണ്ണാമലൈയ്ക്ക് പദവി നൽകുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾക്ക് രാഷ്ട്രീയ പ്രധാന്യം കൈവന്നത്. ഐ.പി.എസ് കാരനായ അണ്ണാമലൈ ഉദ്യോഗം ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലെത്തിയത്.