വെള്ളറട: മലയോര ഗ്രാമങ്ങളിൽ അധികൃതരുടെ വാഹന പരിശോധനകൾ കാര്യക്ഷമമായി നടക്കുമ്പോഴും ഇരുചക്രവാഹന അപകടങ്ങൾ മൂലമുള്ള മരണസംഖ്യ വർദ്ധിക്കുന്നു. അമിത വേഗതയും മദ്യപിച്ചുകൊണ്ട് വാഹനം ഓടിക്കുന്നതും അപകടമരണങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. ഗ്രാമീണമേഖലയിലെ ഒട്ടുമിക്ക റോഡുകളും നല്ലനിലയിൽ നിർമ്മിച്ചതോടെ അമിത വേഗതയിലാണ് വാഹനങ്ങൾ പായുന്നത്. ഇത് അപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്.

അപകടങ്ങളിൽപ്പെടുന്നതിൽ ഏറെയും വിദ്യാർത്ഥികളും യുവാക്കളുമാണ്. ബൈക്കുകളുടെ മത്സരയോട്ടവും ഗ്രാമങ്ങളിൽ നിത്യ കാഴ്ചയാണ്. ആഡംബര ബൈക്കുകൾ ഓടിക്കുന്ന യുവാക്കൾ ബൈക്കിന്റെ അടിഭാഗത്തുള്ള സ്റ്റാൻഡ് റോഡിൽ ഉരപ്പിച്ച് തീപ്പൊരി തെറിപ്പിച്ചാണ് പായുന്നത്. അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് പലപ്പോഴും ലൈസൻസോ വാഹനങ്ങൾക്ക് ഇൻഷ്വറൻസോ മറ്റ് രേഖകളോ ഉണ്ടാകാറില്ല.

മിക്കപ്പോഴും മരണമടയുന്നവരുടെ കുടുംബത്തിന് ഇൻഷ്വറൻസ് പരിരക്ഷപോലും ലഭിക്കില്ല.

അമിത വേഗത

നിയന്ത്രിക്കാൻ സംവിധാനമില്ല

ബൈക്കുകളിലാണെങ്കിൽ രണ്ടുപേർക്ക് യാത്ര ചെയ്യാവുന്നിടത്ത് മൂന്നും നാലും ആളുകൾ കയറിയാണ് യാത്ര. ഇതുകാരണം അപകടത്തിൽ സാരമായ പരിക്കുപറ്റിയാൽപോലും യാതൊരു ചികിത്സാസഹായവും ലഭിക്കില്ല. മലയോര ഗ്രമങ്ങളിലുള്ള പൊലീസ് സ്റ്റേഷനുകളിൽ ഇരുചക്രവാഹന അപകടക്കേസുകൾ പെരുകുകയാണ്. ഒരു വാഹന അപകട കേസുപോലും രജിസ്റ്റർ ചെയ്യാത്ത ദിവസമില്ല. എന്നാൽ അപകടമരണങ്ങൾ ശരാശരി മാസത്തിൽ പത്തിലധികം രജിസ്റ്റർ ചെയ്യേണ്ടിവരുന്നു. ഇരുചക്ര വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങളില്ലാത്തതും മദ്യപിച്ച് വാഹനം ഒടിക്കുന്നവർക്ക് കാര്യമായ ശിക്ഷ ലഭിക്കാത്തതുമാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണമെന്നും ബന്ധപ്പെട്ടവർ പറയുന്നു.

ചെറുവാഹനങ്ങൾ പരിശോധിക്കണം

ഇരുചക്ര വാഹനമോടിക്കുന്നവർക്ക് ലൈസൻസിനോടൊപ്പം കാര്യമായ ബോധവത്ക്കരണവും നൽകിയാൽ ഒരു പരിധിവരെ അപകടങ്ങൾ നിയന്ത്രിക്കാൻ കഴിയും. പൊലീസിന്റെ വാഹന പരിശോധന കാര്യക്ഷമമാണെങ്കിലും ചെറുവാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കൽ കുറവാണ്. ഇതിനുപുറമെ വാഹന ഉടമകളിൽ നിന്നും റോഡ് ടാക്സ് പിരിക്കുന്ന സർക്കാർ റോഡുകളിലൂടെയുളള യാത്ര സുരക്ഷിതമാക്കാൻ നടപടി സ്വീകരിക്കാത്തതും അപകടങ്ങൾ പെരുകാൻ കാരണമാകുന്നു.