
തിരുവനന്തപുരം :ക്ഷേത്രങ്ങൾ മാത്രമല്ല, ദേവസ്വം ബോർഡുകൾക്കു കീഴിൽ വരുന്ന വിദ്യാഭ്യാസ, അനുബന്ധ സ്ഥാപനങ്ങളും സവർണ്ണ താൽപര്യത്തിന്റെ സംരക്ഷിത കേന്ദ്രങ്ങളാണെന്നും ,കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ മേൽശാന്തിമാരാവാൻ പ്രവൃത്തി പരിചയവും, കുലമഹിമയും വേണമെന്ന് ജനാധിപത്യ സർക്കാരുകൾ തീരുമാനിക്കുന്നത് നാണക്കേടാണെന്നും കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലും, വിദ്യാഭ്യാസ, അനുബന്ധ സ്ഥാപനങ്ങളിലും പ്രാതിനിധ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് കെ.പി.എം.എസ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേവസ്വം മേഖല ജനാധിപത്യവത്കരിക്കണം. തിരുവിതാംകൂർ, കൊച്ചി, ഗുരുവായൂർ, ദേവസ്വം ബോർഡുകൾക്കു കീഴിൽ ഏഴ് കോളേജുകളും, ഹയർ സെക്കന്ററി ഉൾപ്പെടെ നിരവധി സ്‌കൂളുകളുമുണ്ട്. ഇവിടങ്ങളിൽ മുന്നാക്ക വിഭാഗ പ്രാധിനിധ്യം എൺപത് ശതമാനവും പട്ടിക വിഭാഗങ്ങളുടേത് പൂജ്യവുമാണ്. 2024 ഫെബ്രുവരിയിൽ പട്ടിക വിഭാഗ സംവരണം അനുവദിച്ച് വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയെങ്കിലും നിലവിലെ സ്ഥിതിയിൽ മാറ്റമുണ്ടായിട്ടില്ല. ആഗോള അയ്യപ്പ സംഗമം രൂപപ്പെടുത്തിയ വികസന കാര്യങ്ങളിൽ നിന്നും സർക്കാരും ബോർഡും പിന്നോട്ടു പോകരുതെന്നും പുന്നല ശ്രീകുമാർ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് പി. എ. അജയഘോഷ്, ഖജാൻജി എ. സനീഷ് കുമാർ, ഭാരവാഹികളായ ഡോ. ആർ. വിജയകുമാർ, പി.വി ബാബു തുടങ്ങിയവർ സംസാരിച്ചു. അഖിൽ. കെ. ദാമോദരൻ, എൻ. ബിജു, പി.എൻ. സുരൻ, രമാ പ്രതാപൻ, ദീപുരാജ് കൈമനം തുടങ്ങിയവർ നേതൃത്വം നൽകി.