വർക്കല: വ്യാപാര സ്ഥാപനത്തിനുനേരെ സമൂഹമാദ്ധ്യമം വഴി അപവാദപ്രചാരണവും വ്യക്തിഹത്യയും നടത്തിയെന്ന് ആരോപിച്ച് സ്വകാര്യ ന്യൂസ് ചാനലിനും ഉടമയ്‌ക്കുമെതിരെ വ്യാപാരി ഡി.ജി.പിക്ക് നൽകിയ പരാതിയിൽ വർക്കല പൊലീസ് കേസെടുത്തു.
വർക്കല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിസ്മയ ഓൺലൈൻ ന്യൂസ്ചാനൽ ഉടമ രജനീഷ്,തമ്മനം ജോയി,അനീഷ് മംഗലാപുരം എന്നിവർക്കെതിരെയും വിസ്‌മയ ചാനലിനെതിരെയുമാണ് കേസ്.
ചെന്നൈ ആസ്ഥാനമായുള്ള സിമന്റ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയെടുത്തെന്നും അമിതപലിശയ്‌ക്ക് പണം കൊടുക്കുന്നതായും ആരോപിച്ചാണ് ചാനൽ വാർത്തകൾ നൽകിയത്. എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ശിവഗിരി യൂണിയൻ നേതാവും വ്യാപാരിയുമായ ബോബിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. എന്നാൽ കേസെടുത്തശേഷവും വ്യക്തിഹത്യയും അപവാദപ്രചാരണവും ചാനൽ തുടരുകയാണെന്നും ആവശ്യമായ തുടർനടപടികൾ പൊലീസ് സ്വീകരിക്കണമെന്നും ബോബി ആവശ്യപ്പെട്ടു.
വ്യാപാരിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി ബി.ജോഷി ബാസു നടത്തിയ പത്രസമ്മേളനവും ബോബിക്കെതിരെയുള്ള വ്യക്തിഹത്യക്കായി ചാനൽ ദുരുപയോഗം ചെയ്‌തതിൽ വ്യാപാരികൾ പ്രതിഷേധിച്ചു.