a

കേരളപിറവി ദിനത്തിൽ മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു.

തിരുവനന്തപുരം : കേരള പൊലീസിന് കരുത്തായി 408 പേർ സിവിൽ പൊലീസ് ഓഫീസർമാരായി പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായി. കേരള പിറവി ദിനത്തിൽ തിരുവനന്തപുരം പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു. മികച്ച സേവനം കാഴ്ചവെച്ച പൊലീസ്, ഫോറസ്റ്റ് വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർക്ക് മെഡലുകൾ മുഖ്യമന്ത്രി സമ്മാനിച്ചു.

സ്‌പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയനിൽ 125,​​ കേരള ആംഡ് പൊലീസ് ഒന്നിൽ 78, മൂന്നിൽ 205 സേനാംഗങ്ങളാണ് പരേഡിൽ പങ്കെടുത്തത്. ഇവരിൽ സ്‌പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയനിലെ 15 പേർ എൻജിനീയർമാരാണ് (ബി.ടെക്ക്). വിവിധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദയോഗ്യതയുള്ള 11 പേരും ബിരുദം നേടിയ 63 പേരും ഡിപ്ലോമ, പ്ലസ്ടു, ഐ.ടി.ഐ യോഗ്യതയുള്ള 36 പേരും ഇക്കൂട്ടത്തിലുണ്ട്. കെ.എ.പി ഒന്നാം ബറ്റാലിയനിലെ 10 ബി.ടെക്കുകാരും ബിരുദാനന്തര ബിരുദയോഗ്യതയുള്ള 8 പേരും ബിരുദം നേടിയ 25 പേരും ഡിപ്ലോമ, പ്ലസ്ടു, ഐ.ടി.ഐ യോഗ്യതയുള്ള 30 പേരുമുണ്ട്. കെ.എ.പി മൂന്നാം ബറ്റാലിയനിൽ 12 ബി.ടെക്കുകാരും ബിരുദാനന്തര ബിരുദയോഗ്യതയുള്ള 16 പേരും ബിരുദം നേടിയ 114 പേരും ഡിപ്ലോമ, പ്ലസ്ടു, ഐ.ടി.ഐ യോഗ്യതയുള്ള 63 പേരുമുണ്ട്.

പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ പുരസ്‌കാരം വിതരണം ചെയ്തു. ഡി.ജി.പി മനോജ് എബ്രഹാം, എ.ഡി.ജി.പി മാരായ എസ്.ശ്രീജിത്ത്, എച്ച് വെങ്കടേഷ്, പി. വിജയൻ, ഐ.ജി ഗുഗുലോത്ത് ലക്ഷ്മൺ, ഡി.ഐ.ജിമാരായ എസ്. അജിത ബീഗം, തോംസൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു.