s

തിരുവനന്തപുരം: മുഖ്യമന്ത്രി നടത്തിയ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം പട്ടിണി പാവങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ വാർത്താ സമ്മളനത്തിൽ പറഞ്ഞു. പരസ്യത്തിന് പത്തുകോടി രൂപയാണ് ചെലവാക്കിയത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള അവസരമായിട്ടാണ് ഇതിനെ ഉപയോഗിച്ചത്.

തിരുവനന്തപുരത്ത് വയോധികയായ വീട്ടമ്മ പട്ടിണികിടന്ന് മരിച്ച സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി. ആരുടെ പട്ടിണിയാണ് സർക്കാർ മാറ്റിയതെന്ന് ചോദിച്ചു.

സെൻസസ് പ്രകാരം 1.16 ലക്ഷം ആദിവാസി കുടുംബങ്ങളിലായി 4.85 ലക്ഷം ആദിവാസികൾ ഉണ്ടെന്നിരിക്കെ, 6,400 അതിദരിദ്ര ആദിവാസി കുടുംബങ്ങൾ മാത്രമേ ഉള്ളുവെന്നാണ് സർക്കാരിന്റെ കണക്കെന്ന് ചൂണ്ടിക്കാട്ടി.

കെ.പി.സി.സി ഭാരവാഹികളുടേയും ഡി.സി.സി പ്രസിഡന്റുമാരുടേയും യോഗം തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തിയെന്നും സീറ്റ് വിഭജനം, സ്ഥാനാർത്ഥി നിർണ്ണയം എന്നിവ വേഗത്തിൽ നടത്താൻ ധാരണയായെന്നും സണ്ണി ജോസഫ് അറിയിച്ചു.
യാഥാർത്ഥ്യങ്ങൾ മറച്ചുവെച്ച് രണ്ട് കോടിയോളം ചെലവാക്കി നടത്തുന്ന അതിദാരിദ്ര്യ മുക്തകേരള പ്രഖ്യാപന ചടങ്ങിന് ചലിച്ചിത്രതാരങ്ങൾ കൂട്ടുനിൽക്കാൻ പാടില്ലായിരുന്നുവെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ് പറഞ്ഞു.

വർക്കിംഗ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാർ എം.എൽ.എ, പി.സി.വിഷ്ണുനാഥ് എം.എൽ.എ, ഷാഫി പറമ്പിൽ എം.പി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു