
തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ മുൻ എക്സിക്യൂട്ടീവ് ഓഫീസറും അടൂർ സ്വദേശിയുമായ ഡി.സുധീഷ് കുമാറിന് വ്യക്തമായ പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാൻഡ് റിപ്പോർട്ട്.മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി,മുരാരി ബാബു എന്നിവരുമായി ചേർന്ന് സുധീഷ് കുമാർ സ്വർണം കടത്താൻ ഗൂഢാലോചനയും ആസൂത്രണവുംനടത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്.
സ്വർണം പൊതിഞ്ഞ പാളി ചെമ്പെന്ന് ബോധപൂർവ്വം രേഖപ്പെടുത്തി.ഇത് സ്വർണം തട്ടിയെടുക്കാനും തട്ടിപ്പിന് അവസരം ഒരുക്കുന്നതിനുമായിരുന്നു.മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് സ്വർണപ്പാളി നവീകരണത്തിന് കൊടുത്തുവിടാൻ വേണ്ടി തെറ്റായ ശുപാർശ കത്ത് തയ്യാറാക്കി. മഹസർ തയ്യാറാക്കിയ വേളയിൽ ഇല്ലാതിരുന്നവരുടെ പേരുകൾ ഉൾപ്പെടുത്തി.ഇതെല്ലാം തട്ടിപ്പു നടത്താൻ വേണ്ടിയാണ്.
ശബരിമല ശ്രീകോവിലിലെ കട്ടിളപാളി, ദ്വാരകപാലക ശില്പങ്ങൾ എന്നിവയിലെ സ്വർണം അപഹരിച്ച രണ്ട് കേസുകളിലാണ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. തിരുവനന്തപുരം സബ് ജയിലിൽ എത്തിച്ച സുധീഷ് കുമാറിനെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വേണ്ടി കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ അന്വേഷണ സംഘം നാളെ സമർപ്പിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരി ബാബുവും തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിലാണ്. മുരാരി ബാബു തിങ്കളാഴ്ച റാന്നി മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യഹർജി നൽകും.
കൂടുതൽ ഉന്നതർക്ക് പങ്ക് ?
സുധീഷിന്റെ മൊഴിയിൽ കൂടുതൽ ഉന്നതർക്ക് പങ്കുണ്ടെന്നും സൂചനയുണ്ട്.ആസൂത്രണത്തിൽ ഉൾപ്പെട്ട ഉന്നതരെ അടുത്തദിവസം പ്രത്യേക അന്വേഷണം ചോദ്യം ചെയ്തേക്കും.
സ്വർണ പാളികൾ അഴിക്കുമ്പോൾ തിരുവാഭരണം കമ്മിഷണർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇല്ലായിരുന്നു.