
തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ നാല് മാസമായി സസ്പെൻഷനിൽ തുടരുന്ന
കേരള സർവകലാശാല രജിസ്ട്രാർ ഡോ.കെ.എസ് അനിൽകുമാറിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച തീരുമാനം ചാൻസലർക്ക് വിടും. ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ രജിസ്ട്രാറുടെ സസ്പെൻഷൻ സംബന്ധിച്ച് നടന്ന ചർച്ചയിൽ സസ്പെൻഷൻ ഉടൻ പിൻവലിക്കണമെന്നും അന്വേഷണ സമിതിയെ നിയോഗിക്കണമെന്നും ഇടത്
അംഗങ്ങളും കോൺഗ്രസ് പ്രതിനിധിയും ആവശ്യപ്പെട്ടു.
സസ്പെൻഷൻ കാലയളവിൽ ഗൗരവമുള്ള കുറ്റകൃത്യങ്ങളാണ് രജിസ്ട്രാറുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളതെന്നും അതിന് പ്രേരിപ്പിച്ചത് ചില സിൻഡിക്കേറ്റ് അംഗങ്ങളായതിനാൽ സർവകലാശാലാ അപ്പലേറ്റ് ട്രിബ്യൂണലോ റിട്ട. ജഡ്ജിയോ അന്വേഷിക്കണമെന്നും അതുവരെ സസ്പെൻഷൻ തുടരണമെന്നും ഗവർണറുടെ നോമിനികളായ ഡോ. വിനോദ് കുമാർ, ടി.ജി.നായർ, പി.എസ് ഗോപകുമാർ എന്നിവർ ആവശ്യപ്പെട്ടു. റിട്ട. ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാമെന്ന നിലപാടാണ് വൈസ് ചാൻസലർ കൈക്കൊണ്ടത്. ഇതിനിടെ സസ്പെൻഷൻ പിൻവലിക്കുന്നതായും അന്വേഷണത്തിന് അഡ്വ. ജി മുരളീധരൻ, ആർ.രാജേഷ്, ഡോ.എസ്.നസീബ് എന്നിവരടങ്ങുന്ന സമിതിയെ നിയോഗിക്കുന്നതായുമുള്ള പ്രമേയം ജി മുരളീധരൻ അവതരിപ്പിച്ചു. രജിസ്ട്രാറുടെ സസ്പെൻഷനിടയാക്കിയ സംഭവത്തിന്റെ ഗൂഢാലോചനയിൽ പങ്കാളികളായവരെക്കൊണ്ട് അന്വേഷിപ്പിക്കുന്നത് കോഴി മോഷണം കുറുക്കനെക്കൊണ്ട് അന്വേഷിപ്പിക്കുന്നതു പോലെയാണെന്ന് ഗവർണുടെ നോമിനികൾ ചൂണ്ടിക്കാട്ടി. തർക്കം രൂക്ഷമായതിനാൽ സാഹചര്യം ചാൻസലറെ അറിയിക്കും.