
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ പന്തലിൽ
266 ദിവസം നീണ്ടുനിന്ന രാപ്പകൽ സമരം അവസാനിപ്പിച്ച് ആശമാർ മടങ്ങി. സമരപ്രതിജ്ഞ റാലിക്കു ശേഷമുള്ള വിടവാങ്ങൽ വൈകാരിക രംഗങ്ങൾക്കും സാക്ഷ്യം വഹിച്ചു. അധിക്ഷേപങ്ങളും പ്രതിസന്ധികളും മറികടന്ന് കുടുംബം പോലെയാണ് സെക്രട്ടേറിയറ്റിനു മുന്നിൽ അവകാശ പോരാട്ടം നടത്തിയതെന്ന്
കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ.ബിന്ദു പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സമര പ്രതിജ്ഞാ റാലി ഉദ്ഘാടനം ചെയ്തു.
രാപ്പകൽ സമരത്തിന്റെ ഒന്നാം വാർഷികദിനമായ ഫെബ്രുവരി 10ന് മഹാറാലിയായി സെക്രട്ടേറിയറ്റിനു മുന്നിൽ ഒത്തുചേരുമെന്ന് ഓർമ്മിപ്പിച്ചാണ് ആശമാർ സമരപ്പന്തൽ പൊളിച്ചത്. 21000 രൂപ ഓണറേറിയം, വിരമിക്കൽ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ തുടങ്ങിയ ആവശ്യങ്ങൾ നേടുംവരെ സമരം ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.
ആദ്യ ക്യാബിനറ്റിൽ ഓണറേറിയം
വർദ്ധിപ്പിക്കും: വി.ഡി സതീശൻ
യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ആദ്യ കാബിനറ്റിലെ ആദ്യ തീരുമാനം ആശമാരുടെ ഓണറേറിയം വർദ്ധനയായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആർക്കും മായിച്ചു കളയാൻ പറ്റാത്ത അടയാളമാണ് ആശമാർ കേരള സമരചരിത്രത്തിൽ രേഖപ്പെടുത്തിയത്. ഓണറേറിയം വർദ്ധന തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് പറഞ്ഞവർ തന്നെ 1000 രൂപ വർദ്ധിപ്പിച്ചു. എം.എൽ.എമാരായ രമേശ് ചെന്നിത്തല, പി.സി. വിഷ്ണുനാഥ്, കെ.കെ.രമ, രാഹുൽമാങ്കൂട്ടത്തിൽ, മുൻമന്ത്രി വി.എസ് ശിവകുമാർ, ബി.ജെ.പി നേതാവ് വി.വി രാജേഷ്, സി.എം.പി നേതാവ് സി.പി.ജോൺ, ജോസഫ് എം. പുതുശേരി, ജെ. ദേവിക, ഡോ. എസ്.എസ് ലാൽ, എസ്.രാജീവൻ, തുടങ്ങിയവർ പങ്കെടുത്തു. കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സർക്കാർ ഓണറേറിയം വർദ്ധിപ്പിച്ചതും കേന്ദ്രം വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിച്ചതും സമരത്തിന്റെ നേട്ടമാണെന്ന് സമരസമിതി നേതാക്കളായ എം.എ ബിന്ദു, എസ്.മിനി എന്നിവർ പറഞ്ഞു.