
തിരുവനന്തപുരം : പാവങ്ങൾക്ക് വേണ്ടിയുള്ള ഈ സർക്കാരിന്റെ ജനകീയ പദ്ധതികൾ യാഥാർത്ഥ്യമാക്കിയത് ഭരണത്തുടർച്ചയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളം രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായതിന്റെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
1987ലെ ഇടതു,സർക്കാരിന്റെ കാലത്ത് കെട്ടിപ്പെടുത്ത ജില്ലാ പഞ്ചായത്തുകളെ പിന്നീടു വന്ന സർക്കാർ ഇല്ലാതാക്കി. മാവേലി സ്റ്റോറുകളെ ക്ഷീണിപ്പിക്കാൻ വാമന സ്റ്റോറുകൾ കൊണ്ട് വന്നു. ജനകീയാസൂത്രണത്തിന്റെ ശോഭ കെടുത്തി. കുടുംബശ്രീക്ക് പകരം ജനശ്രീ കൊണ്ടുവന്നു. ഈ അവസ്ഥയ്ക്കു മാറ്റമുണ്ടായത് 2021ലാണ് .അന്നത്തെ ജനവിധിയാണ് ഇന്ന് ഈ നേട്ടങ്ങൾ പൂർണ അർത്ഥത്തിൽ കൈവരിക്കാൻ പ്രാപ്തമാക്കിയത്. 2021ൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച മുന്നണിയുടെ നേതാവ് പറഞ്ഞു,, അവർ അധികാരത്തിലെത്തിയാൽ ആദ്യം ലൈഫ് മിഷൻ പിരിച്ചു വിടുമെന്ന്. അതുകൊണ്ടാണ് ജനങ്ങൾ എൽ.ഡി.എഫിനോട് തുടർന്നോളൂവെന്ന് പറഞ്ഞത്. ഇന്ന് ലൈഫ് പദ്ധതിയിലൂടെ 4,70,000വീടുകൾ യാഥാർത്ഥ്യമാക്കി. അതിദാരിദ്രമുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം തട്ടിപ്പല്ല. നാട് ഒരുമിച്ച് നിന്നതു കൊണ്ടാണ് ഈ ലക്ഷ്യം സാദ്ധ്യമായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നടൻ മമ്മൂട്ടി വിശിഷ്ടാതിഥിയും,. സ്‌പീക്കർ എ.എൻ.ഷംസീർ മുഖ്യാതിഥിയുമായി. അതിദാരിദ്ര്യമുക്ത സംസ്ഥാനത്തിന്റെ കേരള മാതൃകയുടെ സ്റ്റാറ്റസ് റിപ്പോർട്ട് മമ്മൂട്ടിക്കും അതിദാരിദ്ര്യ നിർമ്മാർജ്ജനാന്തര പദ്ധതിയുടെ രൂപരേഖ സംസ്ഥാന പ്ലാനിംഗ് ബോർഡ്
വൈസ് ചെയർമാൻ പ്രൊഫ.വി.കെ.രാമചന്ദ്രനും നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ റിപ്പോർട്ട് അവതരിപ്പിച്ചു.ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് സ്വാഗതവും തദ്ദേശ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ നന്ദിയും പറഞ്ഞു.
വീടും വരുമാനവും
ഭക്ഷണവും ഉറപ്പാക്കി
ആഹാരം,ആരോഗ്യം,വാസസ്ഥലം,വരുമാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് അതിദരിദ്രരെ കണ്ടെത്തിയത്
1,032തദ്ദേശ സ്ഥാപനങ്ങളിലായി 64,006 കുടുംബങ്ങളിലെ 1,03,099 വ്യക്തികൾ അതിദാരിദ്ര്യം അനുഭവിച്ചിരുന്നു
വീടില്ലാത്ത 4,677കുടുംബങ്ങൾക്ക് ലൈഫ് മിഷൻ മുഖേനയും 2,713 പേർക്ക് സ്ഥലംവാങ്ങിയും വീടുവച്ച് നൽകി
4,394 കുടുംബങ്ങൾക്ക് സ്വയം വരുമാനം നേടാനുള്ള പശ്ചാത്തലമൊരുക്കി
5,132 കുടുംബങ്ങൾക്ക് റേഷൻകാർഡും 20,648 കുടുംബങ്ങൾക്ക് ദിവസവും ഭക്ഷണവും ലഭ്യമാക്കി
ദാരിദ്ര്യമില്ലാത്ത കേരളം
സൃഷ്ടിക്കാം: മമ്മൂട്ടി
8 മാസത്തിനു ശേഷം പൊതുവേദിയിൽ
തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റം ലോകത്തെ അതിശയിപ്പിച്ചിട്ടുണ്ടെന്ന് നടൻ മമ്മൂട്ടി. സെൻട്രൽ സ്റ്റേഡിയത്തിൽ കേരളം അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിന്റെ ഔദ്യോഗികച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി സേവനരംഗങ്ങളിൽ നമ്മൾ ഒരുപാട് മുന്നിലാണ്. ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത് സാമൂഹ്യ, ജനാധിപത്യ ബോദ്ധ്യത്തിന്റെ ഫലമായാണ്. അതിദാരിദ്ര്യമുക്തമായി കേരളത്തെ പ്രഖ്യാപിക്കുമ്പോൾ വലിയ ഉത്തരവാദിത്വമാണ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്. അതിദാരിദ്ര്യത്തിൽ നിന്ന് മാത്രമേ നാം മുക്തമായിട്ടുള്ളൂ. ദാരിദ്ര്യം ഇനിയും ബാക്കിയുണ്ട്. ഒരുപാട് പ്രതിസന്ധികളെ കേരള ജനത തോളോട് തോൾ ചേർന്ന് അതിജീവിച്ചു.
എട്ടൊമ്പത് മാസമായി പൊതുവേദിയിലോ നാട്ടിലോ ഇറങ്ങാത്ത ആളാണ് താൻ. ഇങ്ങോട്ട് വന്നപ്പോൾ ഒരുപാട് കണ്ണഞ്ചിപ്പിക്കുന്ന വികസനങ്ങൾ കണ്ടു. രാജപാതകളും വലിയ കെട്ടിടങ്ങളും നിർമിക്കുന്നതുകൊണ്ടു മാത്രം വികസനമാകില്ല. വികസിക്കേണ്ടത് സാമൂഹ്യജീവിതമാണ്. ഇതിന് ദാരിദ്ര്യം തുടച്ചു നീക്കപ്പെടണം. തോളോടു തോൾ ചേർന്ന് സാഹോദര്യത്തോടെ ദാരിദ്ര്യത്തെ അതിജീവിക്കാം.
അർപ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വം വളരെ നന്നായി സർക്കാർ നിർവഹിക്കുമെന്നു തന്നെയാണ് വിശ്വാസം. വിശക്കുന്ന വയറിനുമുന്നിൽ ഒരു വികസനത്തിനും വിലയില്ല. ആ വയറുകൾ കൂടി കണ്ടുകൊണ്ടാവണം വികസനം നടപ്പാക്കേണ്ടത്. ഇവിടെ പ്രഖ്യാപിക്കപ്പെട്ട സന്തോഷം അതിന് മാതൃകയാകട്ടെ. കേരളപ്പിറവി ദിനത്തിൽ നിങ്ങൾക്ക് മുന്നിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. കേരളത്തിന് തന്നെക്കാൾ ചെറുപ്പമാണെന്നും മമ്മൂട്ടി പറഞ്ഞു.