
□യു.ജി കോഴ്സിന് 50 ഉം,പി.ജിക്ക് 40ഉം ശതമാനം ഇളവിന് ധാരണ
തിരുവനന്തപുരം: കാർഷിക സർവകലാശാലയിൽ കുത്തനെ ഉയർത്തിയ ഫീസിൽ കുറവു വരുത്താൻ സർക്കാർ . യു.ജി കോഴ്സുകൾക്ക് 50 ശതമാനവും, പി.ജി കോഴ്സുകൾക്ക് 40ശതമാനവും ഫീസ് കുറയ്ക്കാനാണ് ധാരണ. കൂട്ടിയ ഫീസ് ഗണ്യമായി കുറയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും, അടിയന്തരമായി സർവകലാശാല എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ച് പുതുക്കിയ ഫീസ് ഘടന പ്രഖ്യാപിക്കുമെന്നും മന്ത്രി പി.പ്രസാദ് മാധ്യമങ്ങളോടു പറഞ്ഞു.
അവധി ദിനമായതിനാൽ ഇന്ന് ഓൺലൈനായി കമ്മിറ്റി ചേരുന്നത് പരിശോധിക്കും. അല്ലെങ്കിൽ നാളെ തീരുമാനം കൈക്കൊള്ളും.
ഇന്നലെ വൈസ് ചാൻസലർ ഡോ.ബി.അശോക്, പരീക്ഷാ കൺട്രോളർ തുടങ്ങിയവരുമായി നടത്തിയ യോഗത്തിലാണ് ഫീസ് കുറയ്ക്കാൻ തീരുമാനിച്ചത്. അന്തിമ തീരുമാനം എടുക്കേണ്ടത് സർവകലാശാല എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്. സർവകലാശാലയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുള്ള കാര്യം മുഖ്യമന്ത്രി, ധനമന്ത്രി എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തി. സർക്കാരിൽ നിന്ന് കൂടുതൽ പണം ലഭ്യമാകുന്ന മുറയ്ക്ക് ഫീസ് ഘടനയിൽ പുന:പരിശോധന വരുത്തും.. ഫീസ് വർധനയ്ക്കെതിരെ കോടതിയിൽ ഹർജി നിലനിൽക്കുന്നുണ്ട്. ഇക്കാര്യം കൂടി പരിശോധിച്ചായിരിക്കും തുടർനടപടി. ഉയർന്ന ഫീസടച്ചവർക്ക്, ഫീസ് ഘടനയിൽ കുറവു വരുത്തുമ്പോൾ അടുത്ത സെമസ്റ്ററിൽ വകയിരുത്തും..
ഫീസടയ്ക്കാൻ വഴിയില്ലാതെ വെള്ളായണി ഗവ. കാർഷിക കോളജിൽ നിന്നു ടി.സി വാങ്ങിയ താമരശ്ശേരി പുതുപ്പാടി സ്വദേശി വി.എസ്.അർജുന് എല്ലാ സഹായങ്ങളും ചെയ്യും. വിദ്യാർത്ഥി തിരിച്ചെത്തിയാൽ കോഴ്സ് തുടരാൻ അനുവദിക്കും. പണത്തിന്റെ പേരിൽ പഠനാവസരം ഇല്ലാതാകാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.