
തിരുവനന്തപുരം: നഗരസഭ ഭരണസമിതിയുടെ അവസാന കൗൺസിലിൽ വികാരാധീനയായി മേയർ ആര്യാ രാജേന്ദ്രൻ. കർക്കശമായ നിലപാടുകൾ പലപ്പോഴും സ്വീകരിക്കേണ്ടിവന്നത് താൻ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നയങ്ങളും തീരുമാനങ്ങളും അടിസ്ഥാനമാക്കിയാണെന്ന് മേയർ കൗൺസിലിൽ പറഞ്ഞു.
സംസ്ഥാനം അതിദാരിദ്ര്യ നിർമ്മാർജന പ്രഖ്യാപനം നടത്തിയതിന്റെ സന്തോഷസൂചകമായി പായസം വിളമ്പിയാണ് കൗൺസിൽ ആരംഭിച്ചത്. ചില വാർഡുകളിൽ ഇപ്പോഴും രേഖകൾ ഇല്ലാത്തവർ താമസിക്കുന്നുണ്ടെന്നും അതിനാൽ പ്രഖ്യാപനം പൂർണമായിട്ടില്ലെന്നും ബി.ജെ.പി വിമർശിച്ചു. ബി.ജെ.പി കൗൺസിലർമാരടക്കം നൽകിയ പട്ടികയും അതിദാരിദ്ര്യമുക്തരായവരുടെ പട്ടികയും മേയർ ഉയർത്തിക്കാട്ടി.
കൗൺസിലർമാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ അതിദാരിദ്ര്യ പട്ടികയിൽ കണ്ടെത്തിയ 581 കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനോപകരണങ്ങളെത്തിച്ചു. 105 പേർക്ക് താമസ സൗകര്യമൊരുക്കി. 55 കുടുംബങ്ങൾക്ക് വീട് നിർമ്മാണം ആരംഭിച്ചപ്പോൾ 31 കുടുംബങ്ങൾക്ക് ഫ്ളാറ്റ് അനുവദിച്ചു. 19 കുടുംബങ്ങളിലെ അംഗങ്ങളെ മാറ്റിത്താമസിപ്പിച്ചു. 50 വീടുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി. 296 കുടുംബങ്ങൾക്ക് ഭക്ഷണം നൽകിയെന്നും 258 കുടുംബങ്ങൾക്ക് മരുന്ന് നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തെന്നും ഭരണസമിതി അവകാശപ്പെട്ടു. അജൻഡകൾ കാര്യമായ ചർച്ചകളില്ലാതെയാണ് പാസാക്കിയത്.