
തിരുവനന്തപുരം: സാർ, ഇങ്ങനെ വീട്ടിലിരുന്നാൽ മതിയോ അഭിനയിക്കണ്ടേ? മധുവിന്റെ കണ്ണമ്മൂലയിലെ വസതിയിലെത്തിയ മമ്മൂട്ടി ചോദിച്ചു. ചിരിച്ചുകൊണ്ടു മറുപടി.' ഈ ശരീരത്തിനു പ്രായത്തിനും അനുസരിച്ചുള്ള വേഷം വരട്ടെ അഭിനയിക്കാം. വെറുതെ ഒരു വേഷത്തിനായി ഇനിയില്ല, നല്ല കഥ വേണം' 'വൺ' സിനിമയിൽ അഭിനയിച്ചത് മമ്മൂട്ടിയുടെ നിർബന്ധം കൊണ്ടായിരുന്നു. 'എന്റെ സൂപ്പർസ്റ്റാർ' എന്നാണ് മധുവിനെ മമ്മൂട്ടി വിശേഷിപ്പിച്ചത്. ചെറുപ്പത്തിൽ ആരാധന മൂത്ത് മധുസാറിന് കത്തയച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ മധുവിന്റെ മകൾ ഉമയ്ക്ക് കൗതുകം.
ആരാധനയുടെ കാരണവും നേരിൽ കണ്ടതും മമ്മൂട്ടി വെളിപ്പെടുത്തി.
സത്യൻ സാറും നസീർ സാറും ഒക്കെ തിളങ്ങി നിൽക്കുന്ന കാലത്തും അവർ രണ്ടു പേരിൽ നിന്നും വ്യത്യസ്തനായ ഒരാൾ എന്ന നിലയിലാണ് ഇഷ്ടപ്പെട്ടിരുന്നത്.
ഞങ്ങളുടെ നാട്ടിൽ കാട്ടുപൂക്കൾ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി വന്നപ്പോഴാണ് ആദ്യമായി നേരിൽ കണ്ടത്. വഞ്ചി തുഴഞ്ഞ് എത്താവുന്ന സ്ഥലത്തായിരുന്നു ഷൂട്ടിംഗ്. ഞാനും എന്റെ സുഹൃത്തും കൂടി വഞ്ചി തുഴഞ്ഞാണ് ഷൂട്ടിംഗ് കാണാൻ പോയത്. എന്തു കാരണത്താലാണെന്ന് അറിഞ്ഞുകൂട, അദ്ദേഹം എന്റെ വഞ്ചിയിൽ കയറാൻ വരികയും ഞാൻ അമ്പരപ്പോടെ കൈ പിടിച്ചു വഞ്ചിയിൽ കയറ്റുകയും ചെയ്തു.വഞ്ചിയുടെ അമരത്ത് ഇരുന്ന അദ്ദേഹം എന്നെയും കൂട്ടി കുറച്ചു നേരം വഞ്ചി തുഴഞ്ഞു പോയശേഷം കരയ്ക്കടുപ്പിച്ചു. അന്നെനിക്ക് സങ്കല്പിക്കാൻ പോലും കഴിയാത്ത ഒരനുഭവമായിരുന്നു.
സിനിമയിൽ വന്നപ്പോൾ ഈ കാര്യങ്ങളെല്ലാം മധു സാറിനോട് പറഞ്ഞു. ഇതുപോലെ അപ്പോഴും ചിരിച്ചുകൊണ്ട് കേട്ടിരുന്നു- മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിയുടെ ചികിത്സയെ കുറിച്ച് മധു ആരാഞ്ഞു. മമ്മൂട്ടി ഇപ്പോൾ നല്ല ആരോഗ്യവാനാണ്. ഇടയ്ക്ക് പരിശോധനയ്ക്ക് പോകണം. ഇവിടെ വന്ന് എന്നെ കണ്ടല്ലോ, ഞാൻ ഹാപ്പിയാണ്- മധു പറഞ്ഞു. വന്ന ഉടൻ കൈവശമുണ്ടായിരുന്ന പൊന്നാട മമ്മൂട്ടി മധുവിനെ അണിയിച്ചു.