തിരുവനന്തപുരം: വസ്തു വില്പനയുടെ പേരിൽ അഡ്വാൻസ് നൽകിയ തുക തിരികെ ചോദിച്ചതിന് മർദ്ദിച്ചതായി പരാതി. നേമം സ്വദേശികളായ എൻ.ബാബു,നിതിൻ ബാബു,​തമലം സ്വദേശി എന്നിവർക്കെതിരെയാണ് മുടവൻമുഗൾ സ്വദേശി സനു എം.എസ് പൂജപ്പുര പൊലീസിൽ പരാതി നൽകിയത്.

സനുവിന് വീട് വയ്ക്കുന്നതിനായി മുടവൻമുഗളിൽ വസ്തു വാങ്ങാൻ എൻ.ബാബു,നിതിൻ ബാബു എന്നിവരെ സമീപിച്ചിരുന്നു. 10 ലക്ഷം രൂപ അഡ്വാൻസും നൽകി. എന്നാൽ വാങ്ങാൻ പോകുന്ന വസ്തുവിന് മുകളിൽ കൂടി ഇലക്ട്രിക് ലൈൻ പോകുന്നെന്ന് മനസിലാക്കി വസ്തു വേണ്ട,​അഡ്വാൻസ് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. ആറുമാസത്തിനകം പണം തിരികെ നൽകാമെന്ന് സമ്മതിച്ചെങ്കിലും പിന്നീട് ചോദിച്ചപ്പോൾ അവർ ഒഴിവുകൾ പറഞ്ഞു.

ഇതോടെ ആ വസ്തു തന്നെ വാങ്ങാമെന്ന് പരാതിക്കാരൻ അറിയിച്ചു. എന്നാൽ പണം വാങ്ങിയവർ അതിനും തയ്യാറായില്ല. തുടർന്ന് ഒത്തുതീർപ്പിനായി വിളിച്ചുവരുത്തിയ ശേഷം തന്നെയും പിതാവിനെയും സഹോദരങ്ങളെയും മർദ്ദിച്ചെന്നാണ് പരാതി. പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവം നടന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തിൽ പൂജപ്പുര പൊലീസ് പരാതി നേമം പൊലീസിന് കൈമാറി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.