e

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് കേരളം കടക്കാനിരിക്കെ ,കഴിഞ്ഞ പത്ത്

വർഷത്തെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ.. കേരളം അതിദാരിദ്ര്യ മുക്തമായതിന്റെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ച അദ്ദേഹം ,

ഒരു മണിക്കൂറും അഞ്ച് മിനിട്ടുമെടുത്താണ് അതെല്ലാം വിശദീകരിച്ചത്.

2016 ൽ അധികാരമേൽക്കുമ്പോൾ വികസന മരവിപ്പ്' ബാധിച്ച കേരളത്തെയാണ് കണ്ടത്. തകർന്ന റോഡുകളും തകരാനിരിക്കുന്ന പാലങ്ങളും. ദേശീയപാതാ വികസനം അസാദ്ധ്യമെന്നു കണ്ട് ദേശീയപാതാ അതോറിറ്റി ഓഫീസ് അടച്ചു പൂട്ടി കേരളം വിട്ടു. 600 രൂപ മാത്രമായിരുന്ന ക്ഷേമപെൻഷൻ 18 മാസം കുടിശികയായി. പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലായി. സർക്കാർ ആശുപത്രികൾ സൗകര്യങ്ങളും മരുന്നുകളുമില്ലാതെ പ്രതിസന്ധിയിൽ. വികസനവും വളർച്ചയും മുരടിച്ച് നാട് വിറങ്ങലിച്ചു നിന്ന അവസ്ഥ. അവിടെ നിന്നാണ് തുടങ്ങിയത്.

ഈ നേട്ടങ്ങളിലേക്കുള്ള പാതയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളെയാണ് സർക്കാർ അഭിമുഖീകരിച്ചത്. ഒന്നിനുപുറകെ ഒന്നായി പ്രകൃതിക്ഷോഭങ്ങൾ, മഹാപ്രളയങ്ങൾ, നിപ, കൊവിഡ് മഹാമാരി. ഈ പ്രതിസന്ധികളെല്ലാം തകർക്കുമായിരുന്നു. ആ ഘട്ടത്തിൽ പക്ഷേ, കേരളം പതറിയില്ല. നമ്മൾ തകർന്നു പോയില്ല. പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാനും, മഹാമാരിക്കാലത്ത് ഒരു വീടും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പു വരുത്താനും തയ്യാറായി സർക്കാർ ജനങ്ങൾക്ക്

സംരക്ഷണമൊരുക്കി.

യഥാർത്ഥ

കേരള സ്റ്റോറി

മാതൃശിശു മരണ നിരക്കിൽ അമേരിക്കയേക്കാൾ താഴെയാണ് കേരളം. ഇതാണ് യഥാർത്ഥ കേരള സ്‌റ്റോറി. പ്രസവ ചികിത്സയിലും അമേരിക്കയിലേക്കാൾ മെച്ചമാണ് കേരളം. ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള ജനതയാണ് കേരളത്തിലുള്ളത്.കേരളത്തെ വികസിത രാജ്യങ്ങളോട് കിട പിടിക്കത്തക്ക ജീവിതനിലവാരത്തിലേക്ക് ഉയർത്തുകയെന്ന നവകേരള നിർമിതിയുടെ ലക്ഷ്യം ഏറെയൊന്നും അകലെയല്ല- മുഖ്യമന്ത്രി പറഞ്ഞു.