hpv

തിരുവനന്തപുരം : സംസ്ഥാനത്ത് ഗർഭാശയഗള ക്യാൻസർ പ്രതിരോധത്തിനായി പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് എച്ച്.പി.വി വാക്സിൻ നൽകാനുള്ള പൈലറ്റ് പദ്ധതിയ്ക്ക് കണ്ണൂരിൽ തുടക്കമാകുന്നു.

ഗർഭാശയ ക്യാൻസർ കൂടുതലായി കാണുന്ന ആലപ്പുഴ,വയനാട് ജില്ലകളിൽ പൈലറ്റ് പദ്ധതി നടത്താനാണ് സർക്കാർ ഉത്തരവിട്ടിരുന്നത്.

ക്യാൻസർ കെയർ ബോർഡ് യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞവർഷം ഫെബ്രുവരി എട്ടിനായിരുന്നു ഉത്തരവ് ഇറങ്ങിയത്. ഇക്കാര്യം കേരളകൗമുദി ഒൻപതിന് റിപ്പോർട്ട് ചെയ്തിരുന്നു. സ്ക്കൂളുകൾ വഴി വാക്‌സിൻ ലഭ്യമാക്കുന്നതിനുള്ള മാപ്പ് ഉൾപ്പെടെ അംഗീകരിച്ചുള്ള നടപടികൾ മുന്നോട്ടുപോയെങ്കിലും മന്ദഗതിയിലായി. മലബാർ ക്യാൻസർ സെന്ററിന്റെ മേൽനോട്ടത്തിൽ പദ്ധതി നടപ്പാക്കാമെന്ന കാരണം പറഞ്ഞാണ് പദ്ധതി കണ്ണൂരിലേക്ക് മാറ്റിയത്.

കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.

സ്തനാർബുദം കഴിഞ്ഞാൽ കേരളത്തിൽ സ്ത്രീകളിൽ കൂടുതൽ കാണപ്പെടുന്നത് ഗർഭാശയമുഖ ക്യാൻസറാണ്. വിദേശരാജ്യങ്ങളിൽ ഒൻപത് വയസു മുതൽ ഈ വാക്സിൻ നൽകുന്നുണ്ട്. ഗർഭാശയമുഖ ക്യാൻസറിന് കാരണമാകുന്ന വൈറസ് ശരീരത്തിലെത്തി കുറഞ്ഞത് അഞ്ചുവർഷം കഴിഞ്ഞാവും ലക്ഷണങ്ങൾ പ്രകടമാക്കുക. അതിനാൽ വ്യക്തി ലൈംഗിക ബന്ധം ആരംഭിക്കും മുമ്പ് വാക്സിൻ എടുത്താലേ ആന്റിബോഡികൾ പ്രതിരോധം തീർക്കൂ.

മൂന്ന് ഡോസ്

ആദ്യ ഡോസ് എടുത്ത് രണ്ടാം മാസം രണ്ടാം ഡോസ്

 അതിന് ശേഷം നാലാം മാസം മൂന്നാമത്തെ ഡോസ്

 ആരോഗ്യ, വിദ്യാഭ്യാസ, തദ്ദേശ വകുപ്പുകൾ സംയുക്തമായാണ് നടപ്പാക്കുന്നത്.

 ലയൺസ് ക്ലബ്, റോട്ടറി ക്ലബ്ബ്, മറ്റ് സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ സഹകരണവുമുണ്ട്.