
തിരുവനന്തപുരം: ഭാരതാംബ വിഷയത്തിൽ ഗവർണറെ അപകീർത്തിപ്പെടുത്തിയെന്ന കുറ്റം ചുമത്തി സസ്പെൻഷനിലായ രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ ഉടൻ തിരിച്ചെടുക്കുന്ന സിൻഡിക്കേറ്റിന്റെ നിലപാടിന് വി.സി വഴങ്ങിയില്ല. ഒരു കോൺഗ്രസ് അംഗമുൾപ്പടെ 19 അംഗങ്ങൾ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ രണ്ട് അംഗങ്ങൾ വിയോജിച്ചു. വിയോജിപ്പ് രേഖപ്പെടുത്തിയ വി.സി ഡോ.മോഹനൻ കുന്നുമ്മൽ സിൻഡിക്കേറ്റ് നടപടികളും തീരുമാനങ്ങളും യൂണിവേഴ്സിറ്റി നിയമപ്രകാരം ഗവർണറുടെ പരിഗണനയ്ക്ക് വിട്ടു. സസ്പെൻഷൻ കാലയളവിൽ രജിസ്ട്രാർ
വി.സിയുടെ വിലക്ക് ലംഘിച്ച് ഫയലുകളിൽ ഒപ്പുവച്ചതായും 522ഫയലുകളിൽ തീർപ്പ് കൽപ്പിച്ചതായും യൂണിവേഴ്സിറ്റി സീൽ അനധികൃതമായി ഉപയോഗിച്ച് വിദേശത്ത് പോകുന്ന വിദ്യാർത്ഥികൾക്ക് പാസ്പോർട്ടിനുള്ള സർട്ടിഫിക്കറ്റ് നൽകിയതായും വി.സി നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിലെ കണ്ടെത്തലുകൾ അന്വേഷിക്കാൻ മൂന്നംഗ ഉപസമിതിയെ സിൻഡിക്കേറ്റ് ചുമതലപ്പെടുത്തി. സിൻഡിക്കേറ്റ് അംഗങ്ങളുടെ പ്രേരണയിൽ സസ്പെൻഷൻ കാലയളവിൽ ഓഫീസിൽ അനധികൃതമായി ഹാജരായ രജിസ്ട്രാറുടെ നടപടികൾ അന്വേഷിക്കാൻ അതേ സിൻഡിക്കേറ്റ് അംഗങ്ങൾ ഉൾപ്പെടുന്ന ഉപസമിതിയെ നിയോഗിക്കുന്നതിനോടും അന്വേഷണം പൂർത്തിയാകാതെ സർവീസിൽ പ്രവേശിപ്പിക്കുന്നതിനോടും വി.സി എതിർപ്പ് രേഖപെടുത്തി.
ഗവർണറുടെ തീരുമാനം വന്നതിനുശേഷം മാത്രമേ സർവീസിൽ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ ഉത്തരവിടുകയുള്ളുവെന്ന് വി.സി അറിയിച്ചു. സസ്പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കാതെ യോഗം അവസാനിപ്പിക്കില്ലെന്ന് സി.പി.എം അംഗങ്ങൾ കടുത്ത നിലപാടെടുത്തു. ഗവർണർക്ക് റെഫർ ചെയ്താൽ തീരുമാനമെടുക്കാൻ തനിക്ക് അധികാരമില്ലെന്ന നിലപാടിൽ വി.സി.ഉറച്ചു നിന്നു. ഒച്ചപ്പാട് തുടർന്നതോടെ മറ്റൊരു ദിവസം ചേരാനുള്ള ധാരണയിൽ യോഗം നിർത്തി വച്ചു. 14ന് ചേരുന്ന സെനറ്റിന്റെ അജണ്ട വിശദമായ ചർച്ചകൾക്ക് ശേഷം അംഗീകരിച്ചു.