p

തിരുവനന്തപുരം: ലക്ഷദ്വീപിലേക്ക് മരുന്നും അവശ്യസാധനങ്ങളുമെത്തിക്കാനും സൈനിക ആവശ്യത്തിനുമായി ഡ്രോണുകൾ സജ്ജമാക്കാനൊരുങ്ങി വ്യോമസേന. ആയുധങ്ങളും വഹിക്കാൻ കഴിയുന്നവയാണിവ. മിനിക്കോയിൽ പുതിയ വിമാനത്താവളം നിർമ്മിക്കും. അഗത്തിയിലെ വിമാനത്താവളം വിപുലീകരിക്കുമെന്നും വ്യോമസേനാ ഉപമേധാവി എയർമാർഷൽ നർമ്മദേശ്വർ തിവാരി പറഞ്ഞു.

എയർബേസുകൾ നിർമ്മിക്കുന്നത് അപ്രായോഗികമായതിനാലാണ് ദ്വീപുകളിൽ കണക്ടിവിറ്റിക്കായി ഡ്രോൺ തുടങ്ങുന്നത്. 300 കിലോഗ്രാം പേലോഡുമായി 500കിലോമീറ്റർ വരെ സഞ്ചരിക്കാവുന്ന വിവിധോദ്ദേശ്യ ഡ്രോണുകളാണ് സ്വകാര്യമേഖലയുടെ സഹകരണത്തോടെ നിർമ്മിക്കുക. അഞ്ച് മണിക്കൂർ പറക്കൽ ശേഷിയുണ്ട്. നിരീക്ഷണ ക്യാമറകളുമുണ്ടാവും. ദുരന്തനിവാരണത്തിനും റോഡ് പരിശോധനയ്ക്കും ഉപയോഗിക്കാം.

തിരശ്ചീനമായി പറക്കുന്ന വലിയ ചിറകുകളുള്ള ഡ്രോണുകളാവും നിർമ്മിക്കുക. ഉപഗ്രഹത്തിലൂടെ ആശയവിനിമയത്തിനും നാവിഗേഷനും തടസമുണ്ടെന്നതും പ്രതികൂല കാലാവസ്ഥയും വെല്ലുവിളിയാണെങ്കിലും മൂന്നുവർഷത്തിനകം പദ്ധതി നടപ്പാക്കും. നൂറിലേറെ സ്റ്റാർട്ടപ്പുകൾ വ്യോമസേനയുമായി സഹകരിക്കുന്നുണ്ട്. മിനിക്കോയ് വിമാനത്താവളത്തിനും അഗത്തിയുടെ വികസനത്തിനുമുള്ള പദ്ധതി കേന്ദ്രസർക്കാർ അംഗീകരിച്ച് പണം അനുവദിച്ചു. ആക്കുളത്തെ ദക്ഷിണവ്യോമസേനാ ആസ്ഥാനത്തിനാണ് പദ്ധതികളുടെ ഏകോപനചുമതലയെന്നും എയർമാർഷൽ പറഞ്ഞു.

സേനകൾക്കും

ദ്വീപിനും ഗുണകരം

ദ്വീപസമൂഹങ്ങളിലെ ആളില്ലാ ദ്വീപുകളിലൂടെ മനുഷ്യക്കടത്തും ലഹരി-ആയുധക്കടത്തും വ്യാപകമാണ്. അവിടങ്ങളിൽ ഡ്രോണുകൾ സജ്ജമാക്കിയാൽ സൈന്യത്തിന് ഗുണകരമാണ്.

കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് പച്ചക്കറികളും മരുന്നും അവശ്യവസ്തുക്കളുമെല്ലാം ഡ്രോൺ വഴിയെത്തിക്കാം. ദ്വീപുകൾ തമ്മിലും കണക്ടിവിറ്റിയുണ്ടാവും.

അഗത്തി വിമാനത്താവളം വികസിപ്പിക്കുകയും മിനിക്കോയിൽ പുതിയതൊന്ന് നിർമ്മിക്കുകയും ചെയ്യുന്നതോടെ ദ്വീപിലെ ടൂറിസത്തിന് വഴിത്തിരിവാകും.