d

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം നടത്തിയ പരാമർശം അങ്ങേയറ്റം ഹീനവും സാംസ്കാരിക കേരളത്തിന് അപമാനകരവുമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉന്നത പദവിയിലിരിക്കുന്ന നേതാവിൽ നിന്ന് ഒരിക്കലും വരാൻ പാടില്ലാത്ത പരാമർശമാണിത്. അതിനാൽ സലാമിനോട് മാപ്പ് പറയാൻ ലീഗ് നേതൃത്വം ആവശ്യപ്പെടണം. പി.എം ശ്രീയിൽ സർക്കാർ ഒപ്പിട്ടതിനെയാണ് സലാം വിമർശനത്തിന്റെ ആധാരമായി പറയുന്നത്. എന്നാൽ,വിമർശിക്കുമ്പോഴും മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന സാമാന്യബോധം പോലും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരിക്കുന്നു. കേന്ദ്രഫണ്ട് ഉപയോഗിക്കുമ്പോഴും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മാതൃകയെ ഒരു പോറൽ പോലുമേൽപ്പിക്കാതെ മുന്നോട്ടുകൊണ്ടുപോകാനാണ് സർക്കാർ ശ്രദ്ധിച്ചതെന്നും മന്ത്രി പറഞ്ഞു.