കിളിമാനൂർ: അമിതഭാരവുമായി ക്വാറികളിൽ നിന്ന് പാറകളും മറ്റ് അനുബന്ധ സാധനങ്ങളുമായി ടിപ്പറുകളും, ടോറസും മിനിട്ടുകൾ ഇടവിട്ട് മരണപ്പാച്ചിൽ നടത്തുന്നത് അപകടഭീഷണിയാകുന്നു. തൊളിക്കുഴി - കുറവൻകുഴി റോഡിലാണ് രാത്രിയും പകലും വ്യത്യാസമില്ലാതെ ക്വാറികളിൽ നിന്ന് അനുവദനീയമായ ഭാരത്തിൽ കൂടുതൽ ലോഡുമായി ലോറികൾ പായുന്നത്. തൊളിക്കുഴി - കുറവുംകുഴി റോഡിന്റെ പുനർനിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. ഒരു വണ്ടിക്കുപോലും പോകാൻ സ്ഥലമില്ലാതെ റോഡ് നിർമ്മാണം നടക്കുമ്പോഴാണ് അമിത ഭാരവുമായി ടോറസുകൾ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് പായുന്നത്.

രക്ഷിതാക്കൾക്ക് ആശങ്ക

തൊളിക്കുഴി എൽ.പി.എസ്,അടയമൺ യു.പി.എസ്,അടയമൺ എൽ.പി സ്കൂളുകളിലേക്ക് വിദ്യാർത്ഥികളെ കാൽനടയായും അല്ലാതെയും വിടുന്നതിൽ പേടിച്ചിരിക്കുകയാണ് രക്ഷിതാക്കൾ. ഓട നിർമ്മാണത്തിന്റെ പണി നടക്കുന്നതിനാൽ ഒരു വാഹനം പോകുന്നതുതന്നെ പല സ്ഥലത്തും ഏറെ പ്രയാസപ്പെട്ടാണ്. വളവും തിരിവും ഏറെയുള്ള റോഡാണിത്.

പരാതി കേൾക്കുന്നില്ല

അമിതഭാരവും കയറ്റിയുള്ള ടോറസുകളുടെ ഈ റോഡിലൂടെയുള്ള യാത്ര കാരണമാണ് അടുത്തകാലത്തായി ആധുനിക രീതിയിൽ പണികഴിപ്പിച്ച റോഡ് ഇടിഞ്ഞുതാഴ്ന്ന് വീഴുന്നത്. ഇപ്പോൾ പുനർനിർമ്മാണം നടത്തേണ്ട അവസ്ഥയാണ്. നിരവധി തവണ പൊതുമരാമത്ത് വകുപ്പിനോടും മറ്റ് അധികാരികളോടും പരാതികൾ പറഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

ഓടയുടെയും റോഡിന്റെയും പുനർനിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന തൊളിക്കുഴി കുറവൻകുഴി റോഡിൽ അനുവദനീയമല്ലാത്ത ടോറസ് ഉൾപ്പെടെയുള്ള വാഹനങ്ങളാണ് കടന്നുപോകുന്നത്. ഒരുകാലത്ത് വയലായിരുന്ന പ്രദേശമാണിത്.എത്ര ആധുനികതയിൽ പണിതാലും അമിതഭാരവുമായി വാഹനങ്ങൾ കടന്നുപോയാൽ റോഡ് ഇനിയും തകരും.

എം.തമിമുദ്ദീൻ,അദ്ധ്യാപകൻ, സാമൂഹിക പ്രവർത്തകൻ