p

തിരുവനന്തപുരം : ക്യാൻസർ രോഗികൾക്ക് കുറഞ്ഞനിരക്കിൽ മരുന്ന് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കാരുണ്യ സ്‌പർശം സീറോ പ്രോഫിറ്റ് കൗണ്ടറുകൾ 58 എണ്ണം കൂടി ആരംഭിച്ചു. ഇതോടെ ആകെ 72 കാരുണ്യസ്പർശം കൗണ്ടറുകൾ സംസ്ഥാനത്തുടനീളം പ്രവർത്തനക്ഷമമാകും.

കെ.എം.എസ്.സി.എൽ ആണ് പദ്ധതി നടപ്പിലാക്കുന്നത്. ലാഭരഹിതമായി 90 ശതമാനത്തിലേറെ വില കുറച്ചാണ് ക്യാൻസർ മരുന്നുകൾ വിതരണം ചെയ്യുന്നത്. 2024 ഓഗസ്റ്റ് 29നാണ് കാരുണ്യ സ്‌പർശം കൗണ്ടറുകൾ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളിലുമായി ഓരോന്നുവീതമായിരുന്നു. പദ്ധതിയുടെ വിജയത്തെ തുടർന്നാണ് വിപുലീകരിച്ചത്.

ഇപ്പോൾ 247 ബ്രാൻഡഡ് ഓങ്കോളജി മരുന്നുകൾ കാരുണ്യ ഫാർമസികൾ വഴി സീറോ പ്രോഫിറ്റ് നിരക്കിൽ ലഭ്യമാണ്. പദ്ധതി ആരംഭിച്ചതുമുതൽ ഇതുവരെ വിപണിമൂല്യമായി 6.88 കോടി വില വരുന്ന മരുന്നുകൾ 2.26 കോടി നിരക്കിൽ രോഗികൾക്ക് ലഭ്യമാക്കിയതായി മന്ത്രി വീണാജോർജ് അറിയിച്ചു. ഇതിലൂടെ പൊതുജനങ്ങൾക്ക് ആകെ 4.62 കോടി രൂപയുടെ ആനുകൂല്യം ലഭിച്ചു.

അവയവമാറ്റ ശസ്ത്രക്രിയകൾക്കാവശ്യമായ മരുന്നുകൾ കൂടി ഈ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള സാദ്ധ്യത പരിശോധിക്കുകയാണ്. ഇതിലൂടെ മറ്റ് ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സയും ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.