വിതുര: ബോണക്കാട് തോട്ടംതൊഴിലാളികളുടെ ചിരകാലസ്വപ്നമായ ആരോഗ്യസബ്സെന്റർ യാഥാർത്ഥ്യമാകുന്നു. ഇതിനായി സർക്കാർ 55ലക്ഷംരൂപ അനുവദിച്ചു. ബോണക്കാട് ആശുപത്രിയില്ലാത്തതുമൂലം തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2023ൽ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വി.ശിവൻകുട്ടി എന്നിവർ ബോണക്കാട് എസ്റ്റേറ്റ് സന്ദർശിക്കാനെത്തിയപ്പോൾ തൊഴിലാളികൾ ആരോഗ്യസബ്സെന്റർ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച് വിശദമായ പ്രൊപ്പോസൽ സമർപ്പിക്കാൻ മുൻ ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ജില്ലാവികസന സമിതി യോഗത്തിൽ തുടർ നടപടികൾക്കായി മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു.
ആരോഗ്യസബ്സെന്റർ കൊണ്ടുവരുന്നതിന്റെ സാദ്ധ്യതകൾ പരിശോധിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് ആരോഗ്യസംവിധാനം ഒരുക്കാൻ നടപടി സ്വീകരിക്കുമെന്നും ജില്ലാകളക്ടർ അന്ന് മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ പ്രഖ്യാപനവും നടത്തി. പിന്നാലെയാണ് ജില്ലാ വികസന സമിതിയോഗത്തിൽ പ്രശ്നം ചർച്ചയ്ക്കെടുത്തത്. എന്നാൽ രണ്ടുവർഷം കഴിഞ്ഞിട്ടും നടപടികളൊന്നും സ്വീകരിച്ചില്ല. തുടർന്ന് കേരളകൗമുദി വീണ്ടും വാർത്ത പ്രസിദ്ധീകരിച്ചു.
ദുരിതങ്ങൾക്ക് അറുതിയാകുന്നു
35 ലയങ്ങളിലായി 155കുടുംബങ്ങളാണ് എസ്റ്റേറ്റിൽ താമസിക്കുന്നത്. അസുഖം വന്നാൽ 26കിലോമീറ്റർ ദൂരെയുള്ള വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇത് ചൂണ്ടിക്കാട്ടി കേരളകൗമുദി വർത്ത പ്രസിദ്ധീകരിച്ചതോടെ ജി.സ്റ്റീഫൻ എം.എൽ.എ പ്രശ്നത്തിൽ അടിയന്തരമായി ബന്ധപ്പെടുകയും ഫണ്ട് അനുവദിക്കാൻ നടപടി സ്വീകരിക്കുകയുമായിരുന്നു. മാത്രമല്ല മഴയത്ത് ചോർന്നൊലിക്കുന്ന ലായങ്ങളുടെ അറ്റകുറ്റപ്പണിക്കും ഫണ്ട് അനുവദിച്ച് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. ബോണക്കാട്ട് കുടുംബാരോഗ്യകേന്ദ്രം നിർമ്മിക്കാൻ ഫണ്ട് അനുവദിച്ച സർക്കാരിനും, ജി.സ്റ്റീഫൻ എം.എൽ.എക്കും സി.പി.എം ബോണക്കാട് ബ്രാഞ്ച് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
അനുവദിച്ച തുക 55 ലക്ഷം രൂപ
സ്കൂൾ തുറക്കണം
ബോണക്കാട്ട് തോട്ടം തൊഴിലാളികളുടെ മക്കൾക്ക് ആശ്രയമായി പ്രവർത്തിച്ചിരുന്ന സ്കൂൾ മൂന്ന് വർഷം മുൻപ് അടച്ചുപൂട്ടി. കുട്ടികൾ കുറവായതിനാലാണ് സ്കൂൾ അടച്ചത്. സ്കൂൾ തുറക്കുമെന്ന് അടുത്തിടെ പ്രഖ്യാപനം നടത്തിയെങ്കിലും യാഥാർത്ഥ്യമായില്ല. സ്കൂൾ തുറക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് തോട്ടം തൊഴിലാളികൾ ആവശ്യപ്പെട്ടു. അതേസമയം ബോണക്കാട് എസ്റ്റേറ്റ് അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് കാൽനൂറ്റാണ്ടാകുന്നു. തോട്ടം തുറന്നുപ്രവർത്തിക്കാൻ സർക്കാർ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.