
തിരുവനന്തപുരം:അതിദാരിദ്ര്യ നിർമ്മാർജ്ജനം പോലുള്ള നേട്ടങ്ങൾക്ക് പുസ്തക വായനയിലൂടെയുള്ള വിവേകം കരുത്തായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വിശക്കുന്നവരില്ലാത്ത,അഗതികളില്ലാത്ത നാടായി കേരളം മാറിയതിന് സഹായകമായ ഒട്ടേറെ ഘടകങ്ങളിൽ പ്രധാനം കേരളത്തിലെ വായനാ സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു.പി.എൻ പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിച്ച അന്തർദേശീയ ലൈബ്രറി കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.ദേശീയപ്രസ്ഥാനത്തിന്റെയും നവോത്ഥാന മുന്നേറ്റങ്ങളുടെയും കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങളുടെയും ഭാഗമായാണ് കേരളത്തിൽ ഗ്രന്ഥശാലകൾ വികസിച്ചത്.അന്യമനുഷ്യനോട് കരുതലുള്ള സമൂഹം ഉയർന്നുവന്നതിന്റെ സാമൂഹ്യ അടിത്തറയിൽ നിലയുറച്ചാണ് കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായത്.സമൂഹത്തിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുകൊണ്ടുവരാൻ സ്ഥാപിത ശക്തികൾ ശ്രമിക്കുന്നെന്നും ആ നീക്കങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഓൺലൈനിൽ സന്ദേശം നൽകി. മുൻ മന്ത്രി എം.വിജയകുമാർ,മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ,ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു, മുൻ ഡി.സി.സി പ്രസിഡന്റ് പാലോട് രവി,ടി .വി സുഭാഷ് എന്നിവർ സംസാരിച്ചു.