36

ഉദിയൻകുളങ്ങര: മാലിന്യക്കൂനയിൽ ജീവിതം ഹോമിച്ച് ഉദിയൻകുളങ്ങര സേതുലക്ഷ്മിപുരം പബ്ലിക് മാർക്കറ്റിലെ ചെറുകിടവ്യാപാരികൾ. ഓരോ വർഷവും ലക്ഷക്കണക്കിന് രൂപയ്ക്കാണ് മാർക്കറ്റ് ലേലം ചെങ്കൽ പഞ്ചായത്ത് നടത്തുന്നത്. എന്നാൽ ഇതിന്റെ നാലിലൊരുഭാഗം പോലും

മാർക്കറ്റിന്റെ വികസനത്തിനായി ചെലവഴിക്കുന്നില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്.

മാർക്കറ്റിന്റെ റോഡ് തകർന്നിട്ട് വർഷങ്ങളായി. പച്ചക്കറി മാർക്കറ്റിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി വൻ ദുർഗന്ധമാണ് വമിക്കുന്നത്. കച്ചവടക്കാർക്കായി മാർക്കറ്റിനുള്ളിൽ നിർമ്മിച്ച ടോയ്ലെ‌റ്റ് തകർന്നിട്ട് അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. സേതുലക്ഷ്മി ഭായിയുടെ ഭരണകാലത്താണ് ഈ മാർക്കറ്റ് നിലവിൽ വന്നത്. അഞ്ചേക്കറോളം ഭൂമിയുണ്ടായിരുന്ന മാർക്കറ്റ് നിലവിൽ രണ്ടര ഏക്കറായി ചുരുങ്ങുകയും മറ്റു ഭൂമികൾ സ്വകാര്യ വ്യക്തികൾ കൈയടക്കി

എന്നുമാണ് നാട്ടുകാർ പറയുന്നത്.

വൃത്തിഹീനമായ പരിസരം

മത്സ്യം വിൽക്കുന്ന മാർക്കറ്റിന്റെ ഭാഗം മുഴുവൻ മത്സ്യാവശിഷ്ടങ്ങൾ നിറഞ്ഞിരിക്കുകയാണ്. മലിനജലം ഒലിച്ചുപോകുന്നതിനുള്ള സജ്ജീകരണങ്ങൾ നടപ്പിലാക്കിയിട്ടില്ല. മഴക്കാലമായാൽ മത്സ്യാവശിഷ്ടങ്ങളും പച്ചക്കറി അവശിഷ്ടങ്ങളും ചീഞ്ഞഴുകി രോഗഭീതി പരത്തുന്ന തരത്തിലാണ് മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. അതിർത്തിക്ക് അപ്പുറത്തുനിന്നും എത്തുന്ന പച്ചക്കറി ഉത്പന്നങ്ങൾ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നത് ഈ മാർക്കറ്റിൽ നിന്നാണ്.

പ്രധാന മാർക്കറ്റുകളിലൊന്ന്

നെയ്യാറ്റിൻകര താലൂക്കിലെ പ്രധാന മാർക്കറ്റുകളിൽ ഒന്നാണ് സേതുലക്ഷ്മിപുരം പബ്ലിക് മാർക്കറ്റ്. ഞായർ,ചൊവ്വ,വെള്ളി ദിവസങ്ങളിലാണ് ഇവിടത്തെ പ്രധാന ചന്ത പ്രവർത്തിക്കുന്നത്. കഴിഞ്ഞ 10 വർഷക്കാലമായി ദിനവും മത്സ്യ, പച്ചക്കറി വിൽപ്പനയുണ്ട്. രാവിലെ പത്തിന് ആരംഭിക്കുന്ന ചന്ത ഉച്ചയ്ക്ക് ഒന്നുവരെയാണ് പ്രവർത്തിക്കുന്നത്.

പ്രധാന ചന്തയുടെ പ്രവർത്തന ദിവസങ്ങളിൽ പുലർച്ചെ 5 മുതൽ വൈകിട്ട് നാലുവരെയാണ്.

പ്ലാമൂട്ടുകട, പൂഴിക്കുന്ന്, വ്ലാത്താങ്കര, ചെങ്കൽ, ധനുവച്ചപുരം, നെടിയാം കോട്,മലയിക്കട,മഞ്ചവിളാകം തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിക്കാർക്ക് അവരുടെ ധാന്യങ്ങൾ വിറ്റഴിക്കാനുള്ള പ്രധാന മാർക്കറ്റും ഇതാണ്.

കഴിഞ്ഞ കാലഘട്ടങ്ങളിലെ മാർക്കറ്റിലെ ലേലത്തുകകൾ:

2021-22ൽ 20,25,000രൂപ,

2022 മുതൽ 23വരെപഞ്ചായത്ത് നേരിട്ട് പിരിവ് നടത്തി.

2023-24ൽ 20,30000.

2024-25ൽ 15,10,000രൂപ.

2025-26ൽ 10,10,000രൂപ

ലേലത്തുക കുറഞ്ഞുവരുന്നു

വർഷങ്ങൾ കഴിയുംതോറും ലേലത്തുക കുറഞ്ഞുവരുന്നതിൽ പഞ്ചായത്ത് ഭരണകക്ഷിയുടെ

പാർട്ടിക്കാർക്ക് ലേലം സ്ഥിരപ്പെടുത്തി കൊടുക്കുന്നുവെന്ന ആക്ഷേപങ്ങളും നിരവധിയാണ്.

മാർക്കറ്റിന്റെ ശോചനീയാവസ്ഥ മാറ്റി നവീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്തണമെന്നാണ് കച്ചവടക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത്.